മട്ടന്നൂര്‍ : ഇ പി ജയരാജന്‍ എംഎല്‍എയുടെ പ്രാദേശിക വികസനഫണ്ടില്‍നിന്നും മട്ടന്നൂര്‍ നിയോജകമണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലും പ്രീപ്രൈമറി മുതല്‍ ഹൈസ്‌കൂള്‍ ക്ലാസ്‌വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രഭാതഭക്ഷണം നല്‍കുന്ന പദ്ധതി 20ന് തുടങ്ങും. മണ്ഡലംതല ഉദ്ഘാടനം രാവിലെ പത്തിന് കൂടാളി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പി കെ ശ്രീമതി എംപി ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികളും വിദ്യാഭ്യാസ-സാംസ്‌കാരികരംഗത്തെ പ്രമുഖരും രാഷ്‌ട്രീയപാര്‍ടി പ്രതിനിധികളും പങ്കെടുക്കും. എംഎല്‍എ ഫണ്ടില്‍നിന്നും ആദ്യഘട്ടത്തില്‍ 60 ലക്ഷം രൂപ ചെലവഴിച്ചാണ് എല്ലാ അധ്യയന ദിവസവും മുട്ടയും പാലും നല്‍കുന്ന പദ്ധതി നടപ്പാക്കുന്നത്.
കീഴല്ലൂര്‍ പഞ്ചായത്ത്തല ഉദ്ഘാടനം 20ന് പകല്‍ 11.30ന് എടയന്നൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആകാശവാണി കണ്ണൂര്‍ നിലയം മേധാവി കെ ബാലചന്ദ്രനും 12.30ന് മട്ടന്നൂര്‍ നഗരസഭാതല ഉദ്ഘാടനം മട്ടന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കിയാല്‍ എംഡി ജി ചന്ദ്രമൗലിയും നിര്‍വഹിക്കും.
23ന് രാവിലെ പത്തിന് പടിയൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും 12ന് തില്ലങ്കേരി സിച്ച്എംഎച്ച്എസ്എസിലും പകല്‍ മൂന്നിന് കോളയാട് സെന്റ് കോര്‍ണേലിയൂസ് എച്ച്എസ്എസിലുംപഞ്ചായത്ത്തല ഉദ്ഘാടനം നടക്കും.
















