എരുമേലി: സൈക്കിളില്‍ നാടുവിട്ട പതിമൂന്നുകാരനെ ടാക്‌സി ഡ്രൈവര്‍മാരുടെ സമയോചിതമായ ഇടപെടല്‍മൂലം വീട്ടിലെത്തിച്ചു. ഇന്നലെ രണ്ട് മണിയോടെ എരുമേലി കവലയില്‍ സൈക്കിളില്‍ എത്തിയ ആണ്‍കുട്ടിയെ സംശയത്തിന്റെ പേരില്‍ ചോദ്യം ചെയ്തതോടെയാണ് വീട്ടുകാര്‍ അറിയാതെ നാട് വിട്ട് വന്നതാണെന്ന് മനസിലായത്.
പുനലൂര്‍ കരൂറിലുളള വീട്ടില്‍ നിന്ന് അമ്മയുമായി നിസ്സാര കാര്യത്തിന് പിണങ്ങി സ്വന്തം സൈക്കളില്‍ വീട്ടുകാര്‍ അറിയാതെ നാടുവിടുകയായിരുന്നു കണ്ണന്‍ എന്ന പതിമൂന്നുകാരന്‍. വിവരങ്ങള്‍ അറിഞ്ഞ എരുമേലിയിലെ ടാക്‌സി ഡ്രൈവര്‍മാരായ ബേബിച്ചന്‍, ഷാനവാസ്, അനില്‍ എന്നിവര്‍ ഇവരുടെ വാഹനത്തില്‍ കണ്ണന്റെ അമ്മയുടെ അനുജത്തിയുടെ മുണ്ടക്കയം കൂട്ടിക്കലുളള വീട്ടില്‍ എത്തിക്കുകയായിരുന്നു. കണ്ണന്‍ സുരക്ഷിതനായി വീട്ടിലെത്തിയ വിവരം ബന്ധുക്കള്‍ അമ്മയെ അറിയിച്ചു. ഇന്ന് പുനലൂരില്‍ നിന്ന് രക്ഷിതാക്കള്‍ എത്തി കണ്ണനെ കൂട്ടികൊണ്ട് പോകും.
















