കോട്ടയം: കോട്ടയം, എറണാകുളം ജില്ലകളിലെ 65 വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രദര്‍ശന വിപണനമേള 12,13 തീയതികളിലായി കൈപ്പുഴ സെന്റ് ജോര്‍ജ്ജ്‌സ് വിഎച്ച്എസ്എസില്‍ നടത്തും. അദ്ധ്യാപകരും കുട്ടികളുമടക്കം 500ഓളം പ്രതിനിധികള്‍ പങ്കെടുക്കും. 12ന് രാവിലെ 11ന് ഉദ്ഘാടന സമ്മേളനത്തില്‍ മാര്‍ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷത വഹിക്കും. അഡ്വ.സുരേഷ്‌കുറുപ്പ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. വിഎച്ച്എസ്ഇ ഡയറക്ടര്‍ കെ.പി.നൗഫല്‍ എറണാകുളം അസ്സി. ഡയറക്ടര്‍ ലിജി ജോസഫ്, കോട്ടയം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ സി.എ.സന്തോഷ്, ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, രാഷ്‌ട്രീയ പ്രമുഖര്‍, സാംസ്‌കാരിക നായകന്മാര്‍, സംഘടന ഭാരവാഹികള്‍, കലാപ്രതിഭകള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഇതോടൊപ്പം സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച ഡിജിറ്റല്‍ ക്ലാസ് മുറിയുടെയും ലൈബ്രറിയുടെയും ഉദ്ഘാടനവും നടത്തും. 13ന് ഉച്ചയ്‌ക്ക് 2ന് നടക്കുന്ന സമാപന സമ്മേളനം കടുത്തുരുത്തി എംഎല്‍എ മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ മാനേജര്‍ ഫാ.തോമസ് പ്രോലേല്‍ അദ്ധ്യക്ഷത വഹിക്കും. വിഎച്ച്എസ്ഇ കരിക്കുലം ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. ജനാര്‍ദ്ദന കുറുപ്പ് മുഖ്യപ്രഭാഷണം നടത്തും.
















