ഇരിട്ടി: ഇരിട്ടി നളന്ദ കലാ സാഹിത്യവേദിയുടെ പ്രൊഡക്ഷന്‍ വിഭാഗമായ നളന്ദ വിഷ്വല്‍ മീഡിയ കുട്ടികള്‍ക്കായി നിര്‍മ്മിക്കുന്ന ഹ്രസ്വ ചിത്രമായ ദി ബ്ലാക്കിന്റെ ചിത്രീകരണം ആരംഭിച്ചു. രാംദാസ് ഇരിട്ടി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ബാബൂട്ടി ഇരിട്ടിയും ആര്‍ട്ട് ഡയരക്ടര്‍ ശ്രീനി പൂമരവുമാണ്. നിര്‍മ്മാണം രചനാ രമേഷ്. ബുധനാഴ്ച രാവിലെ ഇരിട്ടിയില്‍ നടന്ന ചടങ്ങില്‍ നാടക സിനിമാ നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ പി.എന്‍.സുരേഷ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് ക്യാമറ സ്വിച്ചോണ്‍ കര്‍മ്മവും നിര്‍വഹിച്ചു. ഇതോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സദസ്സില്‍ നളന്ദ പ്രസിഡന്റ് ഹനീഫ ഇരിട്ടി അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഇരിട്ടി, രചനാ രമേശ്, രാമദാസ് ഇരിട്ടി, ഷാജു പാണിക്കാട്, മുസ്തഫ കീത്തടത്തു, അബു ഊവാപ്പള്ളി, വിന്‍സെന്റ് ചെടിക്കുളം തുടങ്ങിയവര്‍ സംസാരിച്ചു. പി.എന്‍.സുരേഷിന്റെ മിമിക്രി അവതരണവും നടന്നു.
















