കുന്നത്തൂര്‍: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കുത്തേറ്റു ബിജെപി പ്രവര്‍ത്തകന് ഗുരുതരമായി പരുക്കേറ്റു. മൈലോട്ട് വടക്കതില്‍ മനീഷി(22)നാണ് പരുക്കേറ്റത്.
ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ അശ്വതിമുക്കില്‍ വച്ചായിരുന്നു സംഭവം. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമായ ബിച്ചു മനീഷിനെ മര്‍ദ്ദിച്ച ശേഷം കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.
തടയാന്‍ ചെന്നവരെ കത്തിക്കാട്ടി ഭീഷണിപ്പെടുത്തിയ പ്രതി പിന്നീട് ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. സിപിഎം സ്വാധീനമേഖലയായ മുതുപിലാക്കാട് അശ്വതിമുക്കില്‍ ബിജെപി കൊടിമരം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് മാസങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് അക്രമണം ഉണ്ടായത്. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
















