കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയുടെ ഇന്റര്‍നാഷണല്‍ അക്കാദമിക് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി ജര്‍മനിയിലെ കാള്‍വ്, റീഡ്‌ലിങ്കന്‍ സര്‍വകലാശാലകളിലെ 8 വിദ്യാര്‍ത്ഥികള്‍ ജില്ലാ കലക്ടര്‍ പി.ബാലകിരണിനെ സന്ദര്‍ശിച്ചു.
ജര്‍മനിയില്‍ റോള്‍സ്‌റോയ്‌സ്, എച്ച്പി, വോക്‌സ് വാഗന്‍, ഫോര്‍ഡ്, ജര്‍മന്‍ ടെലികോം എന്നിവിടങ്ങളിലായി പഠനവും ജോലിയും ചെയ്യുന്ന പ്രൊഫ.നില്‍സ് ബ്രിഷ്‌മെന്‍, തോമസ്, മഗ്ദലിന, മഡ്‌ലിന്‍, നീന, അന്ന, മാര്‍ക്കോസ്, ബെഞ്ചമിന്‍ എന്നിവരാണ് സംഘത്തിലുണ്ടായത്. കണ്ണൂര്‍ സര്‍വകലാശാല മാനേജ്‌മെന്റ് സ്റ്റഡീസ് അധ്യാപകരായ ഡോ.രവീന്ദ്രന്‍, ഡോ.യു ഫൈസല്‍ എന്നിവരും കൂടെയുണ്ടായിരുന്നു. മാനേജ്‌മെന്റ് പഠനകേന്ദ്രങ്ങള്‍, വിവിധ കമ്പനികളില്‍ സന്ദര്‍ശനം, പ്രൊജക്ട് ജോലികള്‍, യോഗപരിശീലനം എന്നിവ 28 വരെ നീണ്ടുനില്‍ക്കുന്ന സന്ദര്‍ശന പരിപാടിയില്‍പെടും. കേരളത്തിലെ സാക്ഷരത, സര്‍ക്കാര്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍, ഡിജിറ്റല്‍ ഫയല്‍ സംവിധാനം എന്നിവ കലക്ടര്‍ വിശദീകരിച്ചു. ജര്‍മന്‍ ഫുട്‌ബോളിന്റെ ആരാധകര്‍ ഏറെയുളള നാടാണിതെന്നും അദ്ദേഹം പറഞ്ഞു. സംഘാംഗങ്ങള്‍ക്ക് കലക്ടര്‍ ഉപഹാരം നല്‍കി.
















