ഷാര്‍ജ: ഷാര്‍ജ അന്താരാഷ്‌ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് കൈരളി ബുക്‌സ് ഏര്‍പ്പെടുത്തിയ പ്രവാസി നോവല്‍ അവാര്‍ഡ് ഷാബു കിളിത്തട്ടിലിന് സമ്മാനിച്ചു. അട്ടപ്പാടിയിലെ ശാന്തി മെഡിക്കല്‍ മിഷന്റെ ആസൂത്രക ഉമാ പ്രേമന്റെ ജീവിതകഥയെ അടിസ്ഥാനമാക്കിയെഴുതിയ ‘നിലാച്ചോറ്’ എന്ന നോവലാണ് അവാര്‍ഡിന് അര്‍ഹമായത്. ഡോ.കെ.വി.മോഹന്‍കുമാര്‍ അവാര്‍ഡ്ദാനം നിര്‍വ്വഹിച്ചു.
അവാര്‍ഡ്ദാനച്ചടങ്ങില്‍ ഉമാ പ്രേമന്‍ ഗ്രന്ഥകാരന്‍ ഷാബു കിളിത്തട്ടിലിന്റെ മാതാവ് സരസ്വതിയമ്മക്ക് പുസ്തകം നല്‍കി പ്രകാശനം ചെയ്തു. കൈരളി ബുക്‌സ് മാനേജിംഗ് ഡയറക്ടര്‍ ഒ.അശോക് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ആനന്ദി രാമചന്ദ്രന്‍, പി.പി.ശശീന്ദ്രന്‍, എം.സി.എ.നാസര്‍, നിസാര്‍ സെയ്ദ്, സാദിഖ് കാവില്‍, അര്‍ഫാസ്, ഷാബു കിളിത്തട്ടില്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നേഹാ ജീവന്‍ അവതരിപ്പിച്ച കഌസിക്കല്‍ ഡാന്‍സും അരങ്ങേറി.
















