കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ പരാജയം പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കല്‍ തുടങ്ങിയ ജനകീയ വിഷയങ്ങളില്‍ കാണിച്ച അനങ്ങാപ്പാറ നയമാണെന്ന് പരിയാരം മെഡിക്കല്‍ കോളേജ് പ്രക്ഷോഭസമിതി ആരോപിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നത് ഒരു പൊതുവികാരമായി മാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പലവട്ടം പ്രഖ്യാപിച്ചിട്ടുള്ളതാണ്. പക്ഷേ പ്രഖ്യാപനങ്ങള്‍ പാഴ്‌വാക്കാകുകയാണ് ഉണ്ടായത്. ഇത് നടപ്പാക്കാന്‍ യുഡിഎഫ് പ്രായോഗികമായ ഒരു പരിപാടിപോലും നടത്തിയില്ല. ജനപ്രതിനിധികള്‍ ഇക്കാര്യത്തില്‍ തികഞ്ഞ മൗനം പാലിക്കുകയായിരുന്നുവെന്നും അതുതന്നെയാണ് യുഡിഎഫിന്റെ തോല്‍വിക്കു പിന്നിലെന്നും സമരസമിതി ജനറല്‍ കണ്‍വീനര്‍ ഡോ. ടി.നരേന്ദ്രനാഥ് ആരോപിച്ചു.
















