നല്ല പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്ക് അതുമിതും ചിന്തിക്കാനവസരം ഉണ്ടാകയില്ല. മനസ്സ് സദ്പ്രവര്ത്തികളില്കൂടി പുരോഗമിച്ചുകൊണ്ടിരിക്കും. അങ്ങനെ സദ്പ്രവൃത്തി ചെയ്യുന്നവര്‍ക്ക് ജീവിതഭാരം അനുഭവപ്പെടുകയില്ല. അവരുടെ ജീവിതം ബുദ്ധിമുട്ടു കൂടാതെ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കും. എപ്പോഴും അന്യര്‍ക്കുപകാരം ചെയ്യുന്ന കാര്യത്തില്‍ മുഴുകിയിരിക്കും. അതുകൊണ്ട് സ്വാര്‍ത്ഥത അവരെ ബാധിക്കുകയില്ല. സ്വാര്‍ത്ഥതയാണ് മനുഷ്യ മനസ്സിനെ സങ്കോചിപ്പിച്ച് അധ:പതിപ്പിക്കുന്നത്. സ്വാര്‍ത്ഥ ചിന്തകള്‍ മനസ്സിനെ സങ്കോചിപ്പിച്ച് ക്ലേശങ്ങള്‍ക്കു കാരണമായിതീരുന്നു.
മനുഷ്യജീവിതം സഫലമാകണമെങ്കില്‍ ബോധപൂര്‍വ്വം സ്വാര്‍ത്ഥതയെ ഒഴിവാക്കേണ്ടിയിരിക്കുന്നു. ഞാനും എന്റേതുമെന്ന ഭാവനകള്‍ പോവണമെങ്കില്‍ മറ്റുള്ളവരെ സഹായിക്കുന്ന പ്രവൃത്തികള്‍ ശ്വാസോച്ഛ്വാസം പോലെ സ്വഭാവമായിതീരണം. നല്ല പ്രവൃത്തികള്‍ മനസ്സിനെ ഈശ്വരവിശ്വാസമുള്ളതാക്കി തീര്‍ക്കുന്നു. ഈശ്വരവിശ്വാസം മനസ്സില്‍ വളര്‍ന്നാല്‍ ജീവിതമാര്‍ക്കും അനായാസമായിതീരും. ആ നിലയിലെത്തിയവര്ക്ക് കര്‍ത്തവ്യകര്‍മ്മങ്ങള്‍ ബുദ്ധിമുട്ടുകൂടാതെ സ്വാഭാവികമായി ചെയ്യാന്‍ സാധിക്കുന്നു. നല്ല പ്രവൃത്തികള്‍ ചെയ്യുന്നവരുടെ ബുദ്ധി വികസിക്കും. അങ്ങനെ ബുദ്ധിവികാസമുണ്ടായാല് അത് വിശാലവും പരോപകാര പ്രവൃത്തികളില്‍ വ്യാപരിച്ചുകൊണ്ടുമിരിക്കും.
അഹങ്കാരത്തെ ജയിക്കാന്‍ ചെയ്യുന്ന പ്രവൃത്തികളത്രയും ഈശ്വരസ്മരണയോടും ഭഗവാനില്‍ സമര്പ്പിച്ചുകൊണ്ടുംവേണം ചെയ്യാന്‍. അങ്ങനെ ഈശ്വരസ്മരണ ഉണ്ടായാല്‍ ഒരുവന്റെ പ്രവൃത്തികളെല്ലാം സഫലമായിത്തീരും. ഈശ്വരസ്മരണ മനസ്സിനെ വിശാലമാക്കുന്നു. മനസ്സിന്റെ സ്വാര്‍ത്ഥത പോയി പരോപകാരപ്രവണത വളര്‍ന്നുകൊണ്ടിരിക്കും. അന്യര്ക്കുസഹായകമായ പ്രവൃത്തികളില്‍ മുഴുകിയിരിക്കുന്ന ഒരാള്‍ക്ക് ജീവിതാവശ്യങ്ങള്‍ ബുദ്ധിമുട്ടുകൂടാതെ നടന്നുകൊണ്ടിരിക്കും. നല്ലജീവിതം നയിക്കുന്നവരെ സഹായിക്കാന്‍ ജാതിമതഭേദം കൂടാതെ എവിടെയും ഏതുകാലത്തും നല്ലയാളുകളുണ്ട്.
അതുകൊണ്ട് ജീവിതം നന്നാവണമെങ്കില്‍ ഒരു മനുഷ്യന് രാവിലെ ഉണര്‍ന്നാല്‍ രാത്രി ഉറങ്ങുന്നതുവരെ ചെയ്യേണ്ട പ്രവൃത്തികള്‍ ഈശ്വരാര്പ്പണബുദ്ധിയേടെ ചെയ്തുകൊണ്ടിരിക്കണം. അപ്പോള്‍ മനസ്സ് ഈശ്വരാഭിമുഖമാവും. ഈശ്വരസ്മരണ തെളിഞ്ഞു പ്രകാശിക്കുന്നതായിതീരും. മനസ്സില്‍ ഈശ്വരസ്മരണ ശക്തമായാല്‍ ആ മനസ്സ് ശുദ്ധവും ശാന്തവുമായി നല്ല നല്ലകാര്യങ്ങളില്‍ വ്യാപരിച്ചിരിക്കും. അങ്ങനെ സദ്കര്‍മ്മങ്ങള്‍ ചെയ്യുന്നത് സ്വഭാവമായാല്‍ ഒരു മനുഷ്യന് അവന്റെ ജീവിതാവശ്യങ്ങളെകുറിച്ച് ചിന്തിക്കാനവസരമില്ലാതാകും. എന്നാലും ജീവിതാവശ്യ ങ്ങളെല്ലാം നല്ലരീതിയില്‍ തന്നെ സാധിക്കാന്‍ അവസരമുണ്ടാ കുന്നു. നല്ലജീവിതം നയിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നാലും അവയൊക്കെ വേണ്ടപോലെ നേരിട്ട് ജീവിതത്തെ വിജയിപ്പിക്കാന്‍ കഴിയും. അങ്ങനെയുള്ളവരുടെ മനസ്സെപ്പോഴും വിശാലവും ശുദ്ധവും പ്രശാന്തവുമായിരിക്കും.
മനുഷ്യന്റെ സംസാരരീതി അവന്റെ സ്വഭാവത്തെ പ്രകടിപ്പിച്ചുകൊണ്ടിരിക്കും. അതുകൊണ്ട് ഉപയോഗിക്കുന്ന വാക്കുകളെപ്പോഴും സദാചാര നിഷ്ഠയുള്ളതായിരിക്കണം. അന്യരെ ശകാരിക്കുന്നതുപോലും നല്ല ശുദ്ധമായ ഭാഷയിലായിരി ക്കണം. ശകാരിക്കുന്നത് തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനാണ്. അതിനുപയോഗിക്കുന്ന ഭാഷ മാന്യവും പരിശുദ്ധവുമായിരിക്കണം. കോപിച്ചിരിക്കുമ്പോഴും മറ്റുള്ളവര്‍ പഴിക്കാത്ത രീതിയിലുള്ള ഭാഷവേണം ഉപയോഗിക്കാന്‍. ഒരുവന്റെ ഭാഷ അവന്റെ സ്വഭാവത്തെ വെളിപ്പെടുത്തിക്കൊണ്ടിരിക്കും.
അതുകൊണ്ട് ഏതവസ്ഥയിലും മറ്റുള്ളവര്‍ക്ക് അപ്രിയം വരാത്തരീകിയിലായിരിക്കണം ഭാഷാശൈലി പ്രയോഗിക്കുന്നത്. മറ്റുള്ളവരുടെ നേരെ ഉപയോഗിക്കുന്ന ഭാഷ ഒരിക്കലും അവര്‍ക്ക് അപ്രിയമാകരുത്. പ്രിയമുള്ള വാക്കുകള്‍ക്കാണ് മറ്റുള്ളവരെ സ്വാധീനിക്കാനുള്ള കഴിവ്. അതുകൊണ്ട് ഏതു സാഹചര്യത്തിലും സന്ദര്‍ഭത്തിനുയോജിച്ച നല്ല ഭാഷാശൈലി തന്നെ വിനിയോഗിക്കണം. ഭാഷ നന്നായാല്‍ മറ്റുള്ളവരോടുള്ള വ്യവഹാരത്തിന് അത് വളരെയേറെ സഹായിക്കും. ഏതു കാര്യവും ഉള്ളുതുറന്ന് സംസാരിക്കണം.
നമ്മുടെ വാക്കുകള്‍ അത് കേള്‍ക്കുന്നവരെ ഒരു തരത്തിലും ക്ഷോഭിപ്പിക്കുന്നതാവരുത്. ചിന്തിപ്പിക്കുന്നതായിവേണം. ഏതു സാഹചര്യത്തിലും ശാന്തമായി വേണം സംസാരിക്കാന്‍. പറയേണ്ട കാര്യം ലളിതമായ ഭാഷയില്‍ അവതരിപ്പിക്കാന്‍ ശ്രദ്ധിക്കണം. അങ്ങനെ ജീവിക്കുമ്പോള്‍ മനസ്സിന് കൂടുതല്‍ സന്തോഷമുണ്ടാകും. ക്ഷോഭം മനസ്സില്‍ വന്നു എന്നുകണ്ടാല്‍ ആ കോപത്തെ നിയന്ത്രിക്കണം. കോപിച്ച മനസ്സ് മറ്റുള്ളവരെ പ്രകോപിപ്പിക്കുന്ന രീതിയില്‍ വാക്കുകള്‍ ഉപയോഗിച്ചെന്നു വരാം.
അതുകൊണ്ടെപ്പോഴും പരിചയമുള്ളവരോടും അല്ലാത്തവരോടും സംസാരിക്കുന്നത് മാന്യമായ രീതിയിലായിരിക്കണം. മാന്യമായ രീതിയില്‍ സംസാരിക്കുന്നവര്‍ക്കാണ് മറ്റുള്ളവരോട് നല്ല രീതിയില്‍ പെരുമാറാന്‍ സാധിക്കുന്നത്. സംസാരിക്കുന്ന ആളിനോട് ബഹുമാനവും ആദരവും മനസ്സിലെപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കണം. അങ്ങനെയായാല്‍ വേണ്ടാത്ത വാക്കുകള്‍ പ്രയോഗിക്കാനവസരം ഉണ്ടാവില്ല. മറ്റുള്ളവരോടുള്ള സംഭാഷണമെപ്പോഴും ഒരു നല്ല ബന്ധത്തെ ഉളവാക്കുന്നതാവണം. പറയാനുള്ള കാര്യം ലളിതമായ ഭാഷയില്‍ വിഷയത്തിന്റെ ഗൗരവമനുസരിച്ച് പ്രകടിപ്പിക്കുന്ന സ്വഭാവം സ്വന്തമാക്കണം. ഒരു മനുഷ്യന്റെ സ്വഭാവം നന്നാവണമെങ്കില്‍ അന്യരോടുള്ള സംസര്‍ഗ്ഗം സന്തോഷത്തോടും സൗഹാര്ദ്ദത്തോടുംകൂടി ആയിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: