അത്യാവേശത്തോടെ ചിത്രകൂടത്തിനു മുകളിലെത്തിയ ഭരതന് വലുതും സുന്ദരവും കരിമ്പന, കുടപ്പന, മരുത് ഇവയുടെ ഇലകള്‍കൊണ്ട് മേഞ്ഞതും തറയില്‍ മൃദുവായ കുശപ്പുല്ലുവിരിച്ചതുമായ പര്‍ണശാല കണ്ടു. വെറും നിലത്ത് കൃഷ്ണമൃഗത്തിന്റെ തോല് ധരിച്ചവനും മരവുരി ഉടുത്തവനും ജടാമകുടം ധരിച്ചവനും അഗ്നിയെപ്പോലെ ജ്വലിക്കുന്നവനുമായ രാമന് സീതയോടൊപ്പം ഇരിക്കുന്നതുകണ്ടു. ദുഃഖപാരവശ്യത്തോടെ ഓടി അടുത്തുചെന്നു. കണ്ണുനീരോടെ കാല്ക്കല് വീണുരുണ്ടു. ശത്രുഘ്നനും നിലവിളിച്ചുകൊണ്ട് ജ്യേഷ്ഠപാദങ്ങളില് വീണു. ശ്രീരാമന് രണ്ടുപേരെയും ആലിംഗനം ചെയ്തുകൊണ്ട് കണ്ണീരൊഴുക്കി. അദ്ധ്യാത്മരാമായണം മൂലഗ്രന്ഥത്തിലും കിളിപ്പാട്ടിലും ഈ ഭാഗം ആകെ ഭക്തിമയമാണ്.
തെങ്ങും, കവുങ്ങും, മന്ദാരവും ആവണക്ക്, ചമ്പകം, അശോകം, പ്ലാവും ഇലഞ്ഞിയുമൊക്കെ നിറഞ്ഞുനില്ക്കുന്ന നാനാ മൃഗങ്ങള്‍ നിറഞ്ഞ രാമാശ്രമം ഭരതന് കണ്ടുവണങ്ങി.
ഭാഗ്യവാനായ ഭരതനതുനേരം മാര്‍ഗ്ഗരജസി പതിഞ്ഞു കാണായ് വന്നു
സീതാരഘുനാഥ പാദാരവിന്ദങ്ങള്‍ നൂതനമായതിശോഭനം പാവനം
അങ്കുശാബ്ജധ്വജവജ്രമത്സ്യാദികൊണ്ടങ്കിതം മംഗലമാനന്ദമഗ്നനായ്
വീണുരുണ്ടും പണിഞ്ഞും കരഞ്ഞും തദാ
രേണുതന്‍ മൗലിയില്‍ കോരിയിട്ടീടിനാന്‍
ശ്രീരാമന്റെ പാദാരവിന്ദങ്ങള്‍ മണ്ണില്‍ കിടന്നുരുണ്ടു കരഞ്ഞു, പിന്നെ ആ പൊടി ശിരസ്സില്‍ വാരിയണിഞ്ഞു. ഞാന്‍ പരമധന്യനാണ്. ബ്രഹ്മാവ്, നാരദന് തുടങ്ങിയ ദേവഗണങ്ങളും വേദങ്ങളും സദാ അന്വേഷിച്ചുകൊണ്ടിരിക്കുന്ന രാമചന്ദ്രന്റെ പദ ചിഹ്നങ്ങള്‍ പതിഞ്ഞ ഭൂമി എനിക്കുകാണാന്‍ സാധിച്ചല്ലോ. ഈ പാദരേണുക്കള്‍ അവരന്വേഷിച്ചാലും കിട്ടാത്തതാണല്ലോ എന്നു മനസ്സില്‍ പറഞ്ഞുകൊണ്ട് മുന്നോട്ടുനടന്നപ്പോള്‍ സാക്ഷാല്‍ ഭഗവദ്വിഗ്രഹം കാണുന്നു.
എഴുത്തച്ഛന്റെ മനോഹര വര്‍ണ്ണന:
സുന്ദരം രാമചന്ദ്രം പരമാനന്ദ മന്ദിര മിന്ദ്രാദിവൃന്ദാരകവൃന്ദ
വന്ദിതാമിന്ദിരാമന്ദിരോരഃസ്ഥലമിന്ദ്രാ വരജമിന്ദീവരലോചനം എന്നിങ്ങനെ നീളുന്നു.
രാമചന്ദ്രരൂപം പരമസുന്ദരം, പരമാനന്ദത്തിന് ഇരിപ്പിടം, ഇന്ദ്രാദിദേവന്മാരുടെ വൃന്ദം വന്ദിക്കുന്നവള്‍, ലക്ഷ്മീഭഗവതിയുടെ ഇരിപ്പിടമായ മാറിടം, ഇന്ദ്രന്റെ അനുജനായവന് (വാമനമൂര്‍ത്തി), കരിങ്കൂവളപ്പൂപോലെയുള്ള കണ്ണുകള്‍, കറുകയിലപോലെ കറുത്തു മനോഹരമായവന്‍, നീലത്താമരയിതള്പോലെയുള്ള നോട്ടം, രാമം, ജടകൊണ്ടുള്ള കിരീടം, ചന്ദ്രബിംബംപോലെ ശോഭിക്കുന്ന മുഖം, പ്രകാശിക്കുന്ന പതിനായിരം സൂര്യന്മാരുടെ ശോഭ, മിന്നല്‍പ്പിണര്‍പോലെ സുന്ദരിയായ സീതയാകുന്ന വിദ്യാദേവിയുമായി വിനോദിച്ചിരിക്കുന്ന പ്രകാശിക്കുന്നവനും, പരമാത്മാവും, വ്യാകുലങ്ങളില്ലാത്തവനും മാറിടത്തില്‍ ശ്രീവത്സം എന്ന മറുകുള്ളതും ലക്ഷ്മീദേവിയുടെ ഭവനവുമായ മാറിടം, ജഗത്തു മുഴുവന്‍ നിറഞ്ഞിരിക്കുന്നവനും നാശമില്ലാത്തവനും ലക്ഷ്മണനാല്‍ സേവിക്കപ്പെടുന്നവനും, ദക്ഷാരിയായ ശിവനാല്‍ പൂജിക്കപ്പെടുന്നവനും ഗരുഡനെ വാഹനമാക്കിയവനും രാക്ഷസന്മാരെ നശിപ്പിച്ചവനും, രക്ഷിക്കുന്ന നോട്ടത്തോടുകൂടിയവനും അനന്തനെ മെത്തയാക്കിയവനും ഉദരത്തില്‍ അനേകം ബ്രഹ്മാണ്ഡങ്ങളെ അടക്കിയവനും കാരുണ്യപൂര്‍ണനുമായ ദശരഥ പുത്രനായ രാമനെ വനത്തിന്റെ പശ്ചാത്തലത്തില്‍ ഭരതന് കണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: