വിശ്രവസ്സ് ഭരദ്വാജ പുത്രിയായ വരവര്‍ണ്ണിനിയെ വിവാഹം കഴിച്ചു. അവര്‍ക്കുണ്ടായ മകനാണ് വൈശ്രവണന്. അദ്ദേഹം വളരെക്കാലം ബ്രഹ്മാവിനെ തപസ്സുചെയ്ത് ദിക്പാലകത്വവും നിധീശത്വവും പുഷ്പകവിമാനവും നേടിയെടുത്തു. ബ്രഹ്മാവില്‍നിന്ന് വരവും പുഷ്പകവിമാനവും നേടിയ വൈശ്രവണന് നേരെ താതനായ വിശ്രവസ്സിനെ ചെന്ന് നമസ്കരിച്ചു. മകന്റെ അഭ്യദയങ്ങള് കണ്ട് ആനന്ദപുളകിതനായ വിശ്രവസ്സ് വൈശ്രവണനെ ഗാഢഗാഢം പുണര്‍ന്നു. പിതാവില്‍നിന്നും അനുഗ്രഹം വാങ്ങിയശേഷം താന്‍ എവിടെയാണ് വാസസ്ഥലമായി തിരഞ്ഞെടുക്കേണ്ടതെന്ന് പിതാവിനോട് ചോദിച്ചു. മകന്റെ ചോദ്യംകേട്ട് സ്വല്പനേരം ആലോചിച്ച ശേഷം വിശ്രവസ്സ് മകനോട് പറഞ്ഞു.
വത്സ ദക്ഷിണാബ്ധിയില്‍ ത്രികുടാചലത്തിന്നു മുകളിലായി പണ്ട് വിശ്വകര്‍മ്മാവ് രാക്ഷസവീരന്മാര്‍ക്ക് താമസിക്കുവാനായി ലങ്കാനഗരി എന്ന വിചിത്രമായ ഒരു പട്ടണം നിര്‍മ്മിച്ചിട്ടുണ്ട്. എല്ലാവിധ സുഖസൗകര്യങ്ങളോടും കൂടി രാക്ഷസര്‍ അവിടെ പലകാലം താമസിക്കുകയുണ്ടായി. അഹങ്കാരം മുഴുത്ത് അവര്‍ ദേവന്മാരെ വല്ലാതെ ഉപദ്രവിക്കാന്‍ തുടങ്ങിയപ്പോള്‍ മഹാവിഷ്ണു അവരെ കൂട്ടത്തോടെ നശിപ്പിക്കുകയുണ്ടായി. അതില്‍നിന്നും രക്ഷപ്പെട്ട ചില രാക്ഷസര്‍ പാതാളത്തില്‍ അഭയം തേടുകയുണ്ടായി. ഇപ്പോള്‍ അവിടെ ആരും അവശേഷിച്ചിട്ടില്ല. നീ ലങ്കയില്‍ ചെന്ന് നഗരത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തി നഗരം മോടിപിടിപ്പിച്ച് അവിടെ വാഴാവുന്നതാണ് എന്ന് വിശ്രവസ്സ് മകനോട് പറഞ്ഞു. പിതൃവാക്യം കേട്ട വൈശ്രവണന് അച്ഛനെ വണങ്ങി ലങ്കയിലേക്ക് തിരിച്ചു. നഗരം മോടിപിടിപ്പിച്ച് അവിടെ സുഖിച്ചുവാഴാന്‍ തുടങ്ങി.
അഗസ്ത്യന് ഇത്രയും പറഞ്ഞപ്പോള്‍ ശ്രീരാമന് മഹര്‍ഷിയെ തൊഴുതുകൊണ്ട് ചോദിച്ചു. മാമുനെ രാക്ഷസന്മാര് പുലസ്ത്യകുലോത്ഭവര് എന്നാണ് പറഞ്ഞുകേട്ടിട്ടുള്ളത്. അതിനുമുമ്പ് രാക്ഷസര്‍ ഉണ്ടായതും ലങ്കയില്‍ വസിച്ചതും ശ്രീനാരായണന് അവരെ വധിച്ചതുമെല്ലാം ദയവായി വിവരിച്ച് പറഞ്ഞാലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: