അവരില്‍ പതിനഞ്ചുകാരും പതിനാറുകാരും ഉണ്ടായിരുന്നു. ആദ്യമായി വ്രതമെടുക്കുന്നവരും പതിനഞ്ചു തവണ കാവടി എടുത്തവരും ഉണ്ടായിരുന്നു. ഏറ്റവും പ്രായം കൂടിയവര്‍ക്ക് 30 ആയിക്കാണണം. അതില്‍ നാലോ അഞ്ചോ പേര് ആചാര്യന്മാര് ആയിരുന്നു. നാട്ടുഭാഷയില്‍ അവര്‍ പരസ്പരം ചോദിച്ചു: ”നിനക്ക് അനുഗ്രഹം കിട്ടിയോ?”
മിക്കവര്‍ക്കും എളുപ്പത്തില്‍ അനുഗ്രഹം കിട്ടി. ചിലര്‍ക്ക് അത്രവേഗം കിട്ടിയില്ല. അങ്ങനെയുള്ളവര്‍ ഭസ്മം തൂകിയ കൈകള്‍ കണ്ണും മൂക്കും പൊത്തി മുഖത്തോടു ചേര്‍ത്തു. കണ്ണടച്ച് ധ്യാനത്തില്‍ മുഴുകി. ചുറ്റും നിന്നവര്‍ മന്ത്രോച്ചാരണം അല്പം കൂടി ഉച്ചത്തിലാക്കി. ആചാര്യന്മാര് ഭ്രൂമദ്ധ്യത്തില്‍ വിരലമര്‍ത്തിയും തലോടിയും മെല്ലെ മര്‍ദിച്ചു. സാമ്പ്രാണി കത്തിച്ച് പുകച്ചുരുളുകള്‍ മുഖത്തേക്ക് ഊതിവിട്ടു. ഭസ്മം നുള്ളിയെടുത്ത് തലയിലും മുഖത്തും തളിച്ചുകൊണ്ടേയിരുന്നു. അപ്പോഴേക്കും അവര്‍ക്കും അനുഗ്രഹം കിട്ടിയിട്ടുാവും.
എന്നിട്ടും അനുഗ്രഹം കിട്ടാത്തവരെ ആചാര്യന്മാര് തോളില്‍ പിടിച്ച് മെല്ലെ വട്ടം കറക്കി. കാല്‍മുട്ടില്‍ ബലം കൊടുക്കാതെ അയഞ്ഞു നില്ക്കാന് പറഞ്ഞു. ചിലരോട് ഒരു കാല്, മുട്ടിനു മുകളില്‍ ഊന്നി ഒറ്റക്കാലില്‍ നില്ക്കാന് പറഞ്ഞു. അപ്പോഴേക്കും അവരും ബോധം മറഞ്ഞ് പിന്നിലേക്ക് മറിഞ്ഞു.
ഒരേ സമയം രണ്ടും മൂന്നും പേര്‍ക്ക് അനുഗ്രഹം കിട്ടി. അനുഗ്രഹം കിട്ടുന്ന സമയത്ത് വല്ലാത്ത ഉശിരാണ്. ഞള്ളിപ്പിള്ളേരെപ്പോലും അഞ്ചും ആറും പേര് പിടിച്ചാല്‍ കിട്ടില്ല. അവരുടെ ചുരുട്ടിയ കൈകള്‍ നിവര്ക്കാന് പോലും മറ്റുള്ളവര്‍ പാടുപെട്ടു. കാട്ടുപോത്തിന്റെ ഉശിരോടെ അവര്‍ അലറിവിളിച്ചു; കൈകാലിട്ടടിച്ചു; അനുഗൃഹീതരായി.
അവര്‍ പരസ്പരം ചോദിച്ചു, ”എനിക്ക് മൂന്നു പ്രാവശ്യം അനുഗ്രഹം കിട്ടി. നിനക്കോ?”
എന്റെ മകന് ഉള്‍പ്പെടെ രണ്ടോ മൂന്നോ പേര്‍ക്ക് മാത്രം അനുഗ്രഹം കിട്ടിയില്ല. അപ്പോഴാണ് ടീം ലീഡര്‍ സുന്ദര്‍ എന്നോടു പറഞ്ഞത്, ”അവന് ഇടയ്ക്കിടയ്ക്ക് കണ്ണു തുറന്നതുകൊണ്ടാണ് അനുഗ്രഹം കിട്ടാത്തത്”. കൂട്ടായി മന്ത്രം ജപിച്ച് മുരുകനെ മാത്രം മനസ്സില്‍ ജപിച്ച് എല്ലാം മറന്ന് നില്‍ക്കുമ്പോഴാണ് അനുഗ്രഹം കിട്ടുക. ഭഗവാനില്‍ പരിപൂര്‍ണമായ സമര്‍പ്പണം. എല്ലാം ഭഗവാന് മാത്രം. ഭക്തന് ഇല്ല. ഭക്തനും ഇവിടെ ഭഗവാന് ആകുന്നു. കണ്ണു തുറക്കുമ്പോള്‍ ഈ ഏകതാനത ഇല്ലാതാകുന്നു; ലയം നഷ്ടപ്പെടുന്നു. അവിടെ ‘ഞാന്‍’, ‘എനിക്കു ചുറ്റും’, ‘എനിക്ക് അനുഗ്രഹം…’ ഇങ്ങനെ അഹംബോധം കയറിവരുന്നു. അഹന്ത ഉള്ള മനസ്സിലേക്ക് അനുഗ്രഹം കയറിവരുന്നില്ല.
കണ്ണടച്ചു നില്ക്കുന്ന ഭക്തന്റെ മനസ്സിലെ ‘ഞാന്‍’ എന്ന ഭാവം അപ്പാടെ ഇല്ലാതാക്കാനുള്ള കുറുക്കുവഴികള്‍ ആയിരിക്കാം സാമ്പ്രാണിപ്പുക മൂക്കിലേക്ക് അടിച്ചു കയറ്റുന്നതും വട്ടം കറക്കി തല ചുറ്റിക്കുന്നതും മറ്റും. ”അഹംബോധം ഇല്ലാതാകുമ്പോള്‍ ഭഗവദ്ദര്‍ശനം സാധ്യമാകും” എന്ന് പഴമക്കാര്‍ പറയുന്നതിന്റെ പൊരുളും ഇതായിരിക്കാം. പിന്നീട് അവര്‍ സംസാരിച്ചിരിക്കെ, അനുഗ്രഹം കിട്ടിയപ്പോഴത്തെ അനുഭവത്തെക്കുറിച്ച് ഞാന്‍ ചോദിച്ചു. അവര്‍ പറഞ്ഞു:
”നെറ്റിത്താഴെ ശക്തമായ ചുവന്ന പ്രകാശം! ഒരു പ്രകാശഗോളം!”
അതായത്, അകക്കണ്ണിലെ ഘനമോഹനമായ ചുവപ്പ്!
ചിലര്‍ക്ക് അത് നീല പ്രകാശഗോളം ആയിരുന്നു.
മനസ്സ് എവിടേക്കോ പറക്കുകയാണ്. നിറങ്ങളുടെ പ്രഭാപൂരം ചിദാകാശത്ത് വര്‍ണവിസ്മയം തീര്‍ക്കുന്നു.
ശരീരം അതിന്റെ ഗുരുത്വം നഷ്ടപ്പെട്ട് അപ്പൂപ്പന്താടി പോലെ അനന്തവിഹായസ്സിലേക്ക് പാറിപ്പറക്കുന്നു.
(തുടരും)
(ഫോണ്‍: 9447461261)
പ്രതികരിക്കാൻ ഇവിടെ എഴുതുക: