കോഴിക്കോട്: സുസ്ഥിരവികസനം, അഴിമതിരഹിത ഭരണം, സമ്പൂര്‍ണ്ണ ശുചിത്വം, ബഹുജന പങ്കാളിത്തം തുടങ്ങി സുപ്രധാന വാഗ്ദാനങ്ങള്‍ മുന്നോട്ട് വെച്ച് ബിജെപിയുടെ വികസന രേഖ ഇന്നലെ പുറത്തിറങ്ങി. വികസനത്തിനായി മാതൃകാ ഭരണം കാഴ്ചവെക്കുമെന്ന് ഉറപ്പു നല്‍കുന്ന രേഖ കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തെ കോര്‍പ്പറേഷന്‍ ഭരണത്തിലെ അഴിമതികളെക്കുറിച്ച് കേന്ദ്ര ഏജന്‍സിയെകൊണ്ട് അന്വേഷിക്കുമെന്ന് ഉറപ്പ് നല്‍കുന്നു.
കേന്ദ്രപദ്ധതിയായ സ്മാ ര്‍ട്‌സിറ്റി കോഴിക്കോട് നടപ്പാക്കുമെന്നും അടിസ്ഥാന സൗകര്യങ്ങളായ കുടിവെള്ളം, പാര്‍പ്പിടം, ഗതാഗതം, മാലിന്യശുചീകരണം എന്നിവയില്‍ ഏറെ മാറ്റങ്ങളുണ്ടാക്കുമെന്ന് രേഖ വ്യക്തമാക്കുന്നു. ആരോഗ്യരംഗത്ത് നഗരത്തില്‍ പത്ത് മൊബൈല്‍ ക്ലിനിക്ക് യൂണിറ്റുകള്‍, തീരദേശ ഗ്രാമങ്ങളില്‍ അഞ്ച് വാര്‍ഡുകള്‍ക്ക് ഒരു ഹെല്‍ത്ത് സെന്റര്‍, 24 മണിക്കൂര്‍ ഡോക്ടര്‍മാരുടെ സേവനം, ആധുനിക അറവുശാലകള്‍,വികേന്ദ്രീകൃത മാലിന്യ സംസ്‌ക്കരണ പദ്ധതി, കനോലികനാല്‍ ശുചീകരണം, ഞെളിയന്‍പറമ്പിലെ മാലിന്യസംസ്‌ക്കരണത്തിന് ശാശ്വതപരിഹാരം തുടങ്ങിയവയാണ് മറ്റ് വാഗ്ദാനങ്ങള്‍. സ്മാര്‍ട്‌സ് സിറ്റി നടപ്പാക്കുമെന്ന് മാസ്റ്റര്‍ പ്ലാന്‍ പരിഷ്‌ക്കരിക്കുമെന്നും ചേരികള്‍ നവീകരിക്കുമെന്നും ശ്മശാനങ്ങള്‍ ആധുനീകരിക്കുമെന്നും ബിജെപി മുന്നോട്ട്‌വെക്കുന്നു.
നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ആധുനിക രീതിയിലുള്ള ഗതാഗത സംവിധാനങ്ങള്‍ കൊണ്ടുവരും. പൊറ്റമ്മല്‍-കുതിരവട്ടം-പുതിയറ റോഡ്,-അരയിടത്ത്പാലം- കല്ലുത്താന്‍കടവ്-കല്ലായ് റോഡ്-ചാലപ്പുറം-തളി-പുതിയറ-ജയില്‍റോഡ് തീരദേശവുമായി ബന്ധിപ്പിക്കുന്ന റോഡുകള്‍ തുടങ്ങി നഗരത്തിലെ പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കും.
പുതിയാപ്പ ഹാര്‍ബര്‍ മുതല്‍ ബേപ്പൂര്‍ ഹാര്‍ബര്‍ വരെ തീരദേശ റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തും. വെങ്ങാലി ഗേറ്റ് മുതല്‍ മീഞ്ചന്ത ഗേറ്റ് വരെ റെയിലിന് പടിഞ്ഞാറ് വശം സമാന്തര റോഡ് നിര്‍മ്മിക്കുമെന്നും രേഖയില്‍ ഉള്‍പ്പെടുന്നു. സാംസ്‌കാരിക നിലയങ്ങള്‍ജനസേവാ കേന്ദ്രങ്ങള്‍, പരിസ്ഥിതി സംരക്ഷണം, ഡിജിറ്റല്‍ കോഴിക്കോട്, അഴിമതിമുക്ത കോഴിക്കോട് തുടങ്ങിയ ബഹുമുഖ പദ്ധതികളാണ് ബിജെപി വികസനരേഖയില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
വികസനരേഖ ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.സുരേന്ദ്രന്‍ ജില്ലാ വൈസ്പ്രസിഡന്റും മലാപ്പറമ്പ് ഡിവിഷന്‍ ബിജെപി സ്ഥാനാര്‍ത്ഥിയുമായ പി.രമണീഭായിക്ക് നല്‍കി പ്രകാശനം ചെയ്തു. നേതാക്കളായ പി.രഘുനാഥ്, അജിത്കുമാര്‍, ശ്യാംഅശോക്,പി.പീതാംബരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















