കോഴിക്കോട്: തങ്ങളോട് നിസ്സഹകരിച്ച രാഷ്‌ട്രീയപാര്‍ട്ടി പ്രതിനിധികളെ സമുദായത്തിന്റെ പ്രതിഷേധം അറിയിക്കുമെന്ന് കേരള കുംഭാര സമുദായ സഭ ജില്ലാകമ്മിറ്റി യോഗം അറിയിച്ചു. തെരെഞ്ഞുടുപ്പ് പ്രചാരണവുമായി വീടുകളിലെത്തുന്നവര്‍ക്ക് സമുദായാംഗങ്ങള്‍ പ്രതിഷേധക്കുറിപ്പ് നല്‍കുമെന്നും യോഗം അറിയിച്ചു. സപ്തംബര്‍ 19ന് കോഴിക്കോട് വെച്ച് ആയിരങ്ങള്‍ പങ്കെടുത്ത സമ്മേളനത്തിലേക്ക് മന്ത്രിമാരായ രമേശ് ചെന്നിത്തല, എ.പി. അനില്‍കുമാര്‍, ഡോ. എം.കെ.മുനീര്‍ എന്നിവരെ ക്ഷണിച്ചിരുന്നുവെങ്കിലും അവര്‍ ബഹിഷ്‌ക്കരിക്കുകയാണ് ചെയ്തത്.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും സമ്മേളനത്തില്‍ നിന്നും വിട്ടുനിന്നെന്നും ജില്ലാ കമ്മിറ്റിയോഗം കുറ്റപ്പെടുത്തി.
അനുദിനം ജീവിതശൈലീ രോഗങ്ങളാല്‍ ദുരിതമനുഭവിക്കുന്ന സംസ്ഥാനത്ത് ആരോഗ്യത്തിന് ഏറ്റവും ഗുണം ചെയ്യുന്നതും പരിസരമലിനീകരണം തീരെ ഇല്ലാത്തതുമായ മണ്‍പാത്ര നിര്‍മ്മാണ മേഖലയെ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടവര്‍ ബഹിഷ്‌ക്കരണം കാണിച്ചത് പ്രതിഷേധാര്‍ഹമാണെന്നും യോഗം ചൂണ്ടിക്കാട്ടി. യോഗത്തില്‍ ജില്ലാപ്രസിഡന്റ് രാമന്‍ ഈനംചേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ബാബുരാജ് കക്കട്ടില്‍ ഉദ്ഘാടനം ചെയ്തു.
സജീവന്‍ പേരാമ്പ്ര, നാരായണന്‍കുട്ടി സങ്കേതം, ചന്ദ്രന്‍ ചേന്ദമംഗലൂര്‍, മനോജ് മാമ്പറ്റ, ബൈജു ചെത്തുകടവ് എന്നിവര്‍ പ്രസംഗിച്ചു. പ്രദീപ്കുമാര്‍ കക്കോടി സ്വാഗതം പറഞ്ഞു.
















