ആര്യനാട്: വികലാംഗയായ വീട്ടമ്മയുടെ വസ്തു മകന് കൈമാറ്റം രജിസ്റ്റര്ചെയ്യാനെത്തിയപ്പോള് ഭിന്നശേഷിയുള്ളവര്‍ക്കു നല്‍കേണ്ട പ്രാഥമിക പരിഗണനപോലും നല്‍കാതെ രജിസ്റ്ററിംഗ് ഉദ്യോഗസ്ഥന് വീട്ടമ്മയെ വലച്ചു. ആര്യനാട് സബ് രജിസ്ട്രാരോഫീസില് വെള്ളിയാഴ്ചയിരുന്നു സംഭവം.
ആര്യനാട് കാര്യോട് സ്വദേശിയും അരയ്ക്ക് കീഴെ തളര്ന്നതുമായ വീട്ടമ്മയായ ശുഭ തനിക്ക് അവകാശപ്പെട്ട വസ്തു മകന് രജിസ്റ്റര്‍ ചെയ്ത് നല്‍കുന്നതിനായി ആധാരം തയ്യാറാക്കി ഒപ്പിട്ട് സബ് രജിസ്ട്രാരോഫീസില് നല്കി. കിഴക്കാംതൂക്കായ പടികെട്ട് കയറാനോ എടുത്തുകയറ്റാനോ വളരെയേറെ ബുദ്ധിമുട്ടുണ്ടെന്നും ഓഫീസിനു തൊട്ടടുത്ത് വാഹനത്തിലിരിക്കുന്ന വീട്ടമ്മയായ വികലാംഗയെ പരിഗണിക്കണമെന്നും ബന്ധുക്കള്‍ രജിസ്റ്ററിംഗ് ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടു. വികലാംഗയാണെങ്കില്‍ വീട്ടില്‍ വന്ന് രജിസ്റ്റര്‍ ചെയ്തുതരാമെന്നും അല്ലെങ്കില്‍ തന്റെ മുന്നിലെത്തിച്ചാലെ രജിസ്ട്രേഷന് നടത്താനാകൂവെന്നും രജിസ്റ്ററിംഗ് ഉദ്യോഗസ്ഥന് വാശിപിടിച്ചു. തുടര്‍ന്ന് കസേരയില്‍ ഇരുത്തി കിഴക്കാംതൂക്കായ പടിക്കെട്ടിലുടെ ബുദ്ധിമുട്ടി രജിസ്റ്ററിംഗ് ഉദ്യോഗസ്ഥന്റെ മുന്നില്‍ എത്തിച്ചപ്പോഴേ രജിസ്ട്രേഷന് നടത്തിനല്കിയുള്ളൂ. പടിക്കെട്ടിലൂടെ വികലാംഗയായ വീട്ടമ്മയെ ചുമന്ന് കൊണ്ടുവന്നത് കണ്ടുനിന്നവരില്‍ പ്രതിഷേധം ഉളവാക്കുകയും ചെയ്തു. ചുമന്ന് ഓഫീസില്‍ എത്തിച്ചെങ്കിലും ഏറെനേരം ഇരുത്തി ബുദ്ധിമുട്ടിക്കുകയും പരിഹസിക്കുകയും ചെയ്തതായി ഓഫീസില്‍ കണ്ടുനിന്നവര്‍ പറഞ്ഞു.
വികലാംഗര്‍ക്ക് സുഗമമായി ഓഫീസിലെത്താന്‍ സംവിധാനം ഇല്ലെന്നിരിക്കെ മാനുഷിക പരിഗണന നല്‍കാത്ത രജിസ്റ്ററിംഗ് ഉദ്യോഗസ്ഥനെതിരെ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. രജിസ്റ്ററിംഗ് ഉദ്യോഗസ്ഥനെതിരെ വ്യാപകപ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: