Categories: Ernakulam

തെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥ വിവരശേഖരണം അന്തിമഘട്ടത്തില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള ഉദ്യോഗസ്ഥരുടെ വിവരശേഖരണം അന്തിമഘട്ടത്തിലെത്തിയതായി ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) എസ്. ഷാനവാസ് അറിയിച്ചു. ഒക്‌ടോബര്‍ അഞ്ചിനകം വിവരശേഖരണം പൂര്‍ത്തിയാക്കും. വിവിധ ഓഫീസുകളില്‍ സെപ്തംബര്‍ 20ലെ നില അനുസരിച്ചാണ് വെബ് അധിഷ്ഠിത സംവിധാനമായ ഇ – ഡ്രോപ്പിലൂടെ വിവരങ്ങള്‍ ശേഖരിക്കുന്നത്.

ഓരോ ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രത്യേകം യൂസര്‍ ഐഡിയും പാസ്‌വേഡും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ മുഖേന ലഭ്യമാക്കിയിട്ടുണ്ട്. ഇതുപയോഗിച്ചാണ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ രേഖപ്പെടുത്തുന്നത്.

സര്‍ക്കാര്‍ വകുപ്പുകള്‍, സ്റ്റാറ്റിയൂട്ടറി ബോഡികള്‍, കോര്‍പ്പറേഷനുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാരെയാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കുക. ഡ്യൂട്ടിക്ക് നിയോഗിക്കുന്നതില്‍ നിന്നും അത്യാവശ്യഘട്ടങ്ങളില്‍ ഒഴിവാക്കാവുന്നവരെ സംബന്ധിച്ചും സ്ഥാപനങ്ങളെ സംബന്ധിച്ചും തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലകളില്‍ ഇതു സംബന്ധിച്ച അന്തിമ തീരുമാനം ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടറുടേതായിരിക്കും.

ജില്ലയില്‍ 82 ഗ്രാമപഞ്ചായത്തുകളും 13 മുനിസിപ്പാലിറ്റികളും ഒരു കോര്‍പ്പറേഷനുമാണുള്ളത്. കരട് വോട്ടര്‍ പട്ടിക പ്രകാരം 23,62,893 വോട്ടര്‍മാര്‍. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതോടെ വോട്ടര്‍മാരുടെ എണ്ണത്തില്‍ ഇനിയും മാറ്റം വരും.

Recent Posts