എരുമേലി: ശബരിമല വനാതിര്‍ത്തി മേഖലയായ എയ്ഞ്ചല്‍വാലിയില്‍ കാട്ടാനകളിറങ്ങി പത്ത് ഏക്കറോളം ഭൂമിയിലെ കൃഷികള്‍ നശിപ്പിച്ചു. ഇന്നലെ വെളുപ്പിനെയാണ് സംഭവം. രാത്രിയോടെ ഇറങ്ങിയ കാട്ടാനക്കൂട്ടം പ്രദേശത്തെ ഏഴോളം പേരുടെ കൃഷിഭൂമിയില്‍ കയറി കൃഷികള്‍ വ്യാപകമായി നശിപ്പിക്കുകയായിരുന്നു. എയ്ഞ്ചല്‍വാലി സ്വദേശികളായ സജി പുതുപ്പറമ്പില്‍, ബിജി മേലേമുറി, ഉലഹന്നാന്‍ വേങ്ങത്താനത്ത്, മനു ഇലവുങ്കല്‍, മാത്യു പാറയ്‌ക്കല്‍, ജയിംസ് മുറിയാംകാവുങ്കല്‍, ജോസഫ് കുനംകുന്നേല്‍, മാമച്ചന്‍ കുനംകുന്നേല്‍ എന്നിവരുടെ വിവിധതരം കൃഷികളാണ് കാട്ടനാകള്‍ നശിപ്പിച്ചത്. മൂന്നുവര്‍ഷം പ്രായമായ റബ്ബര്‍ തൈകള്‍, വാഴ, തെങ്ങ്, കമുങ്ങ്, മറ്റ് കൃഷികളാണ് നശിപ്പിച്ചതിലേറെയുമെന്ന് കൃഷിക്കാര്‍ പറഞ്ഞു. എയ്ഞ്ചല്‍വാലി പാലത്തിനു സമീപത്തായി എത്തിയ കാട്ടാനകള്‍ ഏതാണ്ട് പത്ത് ഏക്കറോളം വരുന്ന കൃഷിഭൂമിയിലിറങ്ങി കൃഷികള്‍ നശിപ്പിക്കുകയായിരുന്നു.
















