തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല വീണ്ടും പടരുന്നു. ആരോഗ്യ ഡയറക്ടറേറ്റിനു കീഴിലെ സംയോജിത രോഗനിരീക്ഷണ പദ്ധതിയുടെ (ഐ.ഡി.എസ്.പി.) കണക്കുപ്രകാരം സംസ്ഥാനത്ത് തിങ്കളാഴ്ച വരെ 520 പേർക്ക് രോഗം സ്ഥിരീകരിച്ചു. എട്ടുപേർ മരിച്ചു. 2025-ൽ ആകെ 132 പേർക്കായിരുന്നു രോഗം. കഴിഞ്ഞ വർഷം ആകെയുണ്ടായിരുന്നതിന്റെ നാലിരട്ടിയോളം പേർക്ക് ഇക്കൊല്ലം ഇതുവരെ രോഗം ബാധിച്ചു.
ഒക്ടോബർ മാസത്തിൽ 10 ദിവസത്തിനിടെ 16 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇത് കഴിഞ്ഞ മാസത്തെക്കാൾ വളരെ കൂടുതലാണ്. കഴിഞ്ഞമാസം 32 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്. ഒക്ടോബർ മാസത്തിലെ ആദ്യ ഒമ്പത് ദിവസങ്ങളിൽ ജില്ലയിൽ 10 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
ഈ വർഷം ജൂണിൽ വയനാട്ടിൽ രോഗവ്യാപനമുണ്ടായപ്പോഴാണ് ഷിഗല്ലയുടെ രൂക്ഷത ശ്രദ്ധിക്കപ്പെട്ടത്. ജൂണിൽ 205 പേർക്ക് രോഗം ബാധിച്ചു. കഴിഞ്ഞവർഷം ജൂണിൽ ഇത് 21 ആയിരുന്നു. എട്ടു മരണങ്ങളിൽ ആറും ജൂണിലായിരുന്നു. ഷിഗെല്ല രോഗിയുടെ മലത്തിലൂടെയാണ് രോഗാണു പുറത്തെത്തുന്നത്. കക്കൂസിലല്ലാതെ മലവിസർജനം നടത്തിയാലോ കക്കൂസ് ടാങ്ക് തുറന്നുകിടന്നാലോ കക്കൂസിനടുത്തുതന്നെ കിണറുകളോ ജലാശയങ്ങളോ ഉണ്ടെങ്കിലോ രോഗാണുക്കൾ വെള്ളത്തിൽ കലരാം. വയറിളക്കമുള്ളയാൾ മലവിസർജനത്തിനുശേഷം കൈകഴുകാതെ ഭക്ഷണം പാചകംചെയ്താലും കുട്ടികൾക്ക് ഭക്ഷണം വാരിക്കൊടുത്താലും രോഗം പകരാം.














