തിരുവനന്തപുരം : കൗൺസിലർ ആർ സുഗതനെതിരെ കാപ്പ ചുമത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടു കൂടി മാത്രം നടന്ന സംഭവമാണെന്ന് മുൻ ഡി.ജി.പിയും കൗൺസിലറുമായ ആർ ശ്രീലേഖ. കാപ്പ നിയമം ഉപയോഗിച്ച് നഗരസഭാ ഭരണം അട്ടിമറിക്കാനുള്ള യു.ഡി.എഫ്, എൽ.ഡി.എഫ് നീക്കങ്ങൾക്കെതിരെ സുഗതന്റെ കുടുംബവും ബി.ജെ.പിയും നിയമസഭയ്ക്ക് മുന്നിൽ നടത്തിയ പ്രതിഷേധ ധർണയിൽ സംസാരിക്കുകയായിരുന്നു അവർ.
‘ ഇതിനു മുമ്പ് കേരളത്തിൽ ഒരിക്കലും ജനപ്രതിനിധിയെ കാപ്പ ചുമത്തുകയോ കാപ്പ ചുമത്തി അകത്താക്കുകയോ ചെയ്തിട്ടില്ല. ബി.ജെ.പി കേരളത്തിൽ ഉയരാൻ തുടങ്ങിയത് എന്നാണോ അന്നുമുതൽ കോൺഗ്രസും സിപിഎമ്മും ഒന്നിച്ചു. അന്ന് ഇവിടെ ഇൻഡ്യാ മുന്നണി രൂപം കൊണ്ടു. 2020-ൽ നടന്ന തെരഞ്ഞെടുപ്പിൽ ഉയർന്നുവന്ന യുവനേതാവാണ് സുഗതൻ. അദ്ദേഹത്തിന്റെ ഉയർച്ച സഹിക്കാൻ പറ്റാതെ സിപിഎമ്മും കോൺഗ്രസും ചേർന്ന് നടത്തിയ വലിയ നാടകമായിരുന്നു കാപ്പ കേസിൽ പ്രതിയാക്കലും അറസ്റ്റും.
ഒളിവിൽ പോകാതെ വീട്ടിൽ താമസിക്കുന്ന ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യാൻ നൂറോളം പോലീസുകാരും നാലഞ്ചു പോലീസ് വാഹനങ്ങളും ഒരു ജീപ്പും ഒക്കെ ആയാണ് വന്നത്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആകാശത്തേക്ക് വെടിയുയർത്തി കുട്ടികളെ കരയിപ്പിച്ച് നാട്ടുകാരെ മുഴുവനും ഭീതിപ്പെടുത്തിയാണ് ഈ പോലീസ് നായാട്ട്. ഈ വ്യക്തിയാണോ അതോ പോലീസ് ആണോ ഗുണ്ട പ്രവർത്തനം നടത്തിയത്.
നാട്ടുകാർക്ക് വേണ്ടി പ്രവർത്തിക്കുന്ന ജനപ്രതിനിധിയെ മനപൂർവ്വം ദ്രോഹിക്കാൻ ഉണ്ടാക്കിയ കേസാണിത്. എന്നിട്ട് ഹൈക്കോടതി കാപ്പ ഉത്തരവ് റദ്ദാക്കി. സർക്കാരിന്റെ ഉത്തരവുകൾ എല്ലാം റദ്ദാക്കി കുറ്റവിമുക്തനാക്കിയിരിക്കുകയാണ്. ഉത്തരവുകൾ എല്ലാം തെറ്റായിരുന്നു എന്ന് ഹൈക്കോടതി വിധിച്ചിരിക്കുന്നു.
മുൻ എംഎൽഎ ആയിരുന്ന വി.കെ. പ്രശാന്തും അദ്ദേഹത്തിന്റെ കൂട്ടത്തിലുള്ള ഗുണ്ടകളും ചേർന്ന് നടത്തിയ ഒരു പ്രവർത്തനം രമേശ് ചെന്നിത്തലയുടെ പൊലീസും ചെയ്യുന്നു. ഇൻഡ്യാ മുന്നണിയുടെ ഏറ്റവും മോശപ്പെട്ട സ്വഭാവമാണിത്. അതിപ്പോൾ നമ്മൾ ഡൽഹിയിലും കാണുന്നുണ്ട്. കേന്ദ്രത്തിൽ നിന്ന് മോദിജിയെ അട്ടിമറിക്കാൻ വേണ്ടി മാത്രമാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഉന്നം വെക്കുന്നത്. അല്ലാതെ ഗ്യാനേഷ് കുമാറോ മറ്റാരെങ്കിലുമോ അല്ല.
ഗ്യാനേഷ് കുമാർ അവർക്ക് വെറും ഒരു ആയുധം മാത്രം. അവരുടെ ലക്ഷ്യം ബിജെപിക്കെതിരെയാണ്. അതുതന്നെയാണ് കേരളത്തിൽ ബിജെപിയുടെ ഉയർച്ച കണ്ട് പേടിക്കുന്നത്.
കൂടാതെ വകുപ്പ് 18 കാപ്പ ആക്ട് പ്രകാരം പറയുന്നത് നിയമവിരുദ്ധമായി കാപ്പ ഉപയോഗിച്ചു എന്ന് തെളിഞ്ഞാൽ സർക്കാർ ചെയ്യേണ്ട ആദ്യത്തെ പണി ആ ഓർഡർ ഇഷ്യൂ ചെയ്ത ആളുടെ കൈയ്യിൽ നിന്ന് എത്ര ദിവസം ജയിലിൽ കിടന്നോ ഓരോ ദിവസവും നൂറിൽ കുറയാത്ത ഒരു തുക വെച്ച് ആ പ്രതിക്ക് ഉടൻ കൊടുക്കണം എന്നാണ്.
അതുകൊണ്ട് ഇപ്പോൾ ചെയ്യേണ്ടത് അനി കുമാരി എന്ന പഴയ കലക്ടറുടെ ശമ്പളത്തിൽ നിന്ന് 15,000 രൂപ സുഗതന് കൊടുത്തുകൊണ്ടുള്ള ഒരു ഉത്തരവ് സർക്കാർ ഇറക്കണം. അതിന് സർക്കാർ ധൈര്യപ്പെടുമോ? കള്ളക്കേസിന് കൂട്ടുനിന്ന കലക്ടർ പോലീസ് ഓഫീസേഴ്സ് അഡ്വൈസറി ബോർഡിൽ നിന്ന് രാജിവെച്ചു പോകണം’ – ശ്രീലേഖ പറഞ്ഞു.
















