കൊച്ചി: ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്ന കുരീക്കാട് ആദര്‍ശ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പാട്ടും നൃത്തവും മിമിക്രിയും മറ്റും അവതരിപ്പിച്ചപ്പോള്‍, കൊച്ചി അമൃത സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സസിലെ ഓഡിറ്റോറിയത്തില്‍ നിര്‍ത്താത്ത കയ്യടി. വിശപ്പും ദാഹവും മറന്ന് സ്വസഹോദരങ്ങളുടെ അറിയപ്പെടാത്ത കഴിവുകളില്‍ അവര്‍ അത്ഭുതം കൂറി.
അന്‍ജന്‍ സതീഷ് വരച്ച കാര്‍ട്ടൂണ്‍ കാരിക്കേച്ചറുകള്‍ കണ്ട് സ്വന്തം പരിമിതികളെക്കുറിച്ച് ബോധവാന്മാരായി. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ക്ഷണിക്കപ്പെടുന്ന സദസ്സുകളില്‍ കലാപരിപാടികളുമായി ആദര്‍ശിലെ കുട്ടികള്‍ എത്തുന്നതെന്ന് ആദര്‍ശ് അധ്യാപിക വനജ രമേഷ് പറഞ്ഞു. മാതാ അമൃതാനന്ദമയിമഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തി. അമൃത ഡയറക്ടര്‍ ഡോ. യു. കൃഷ്ണകുമാര്‍ സ്വാഗതം ആശംസിച്ചു. തിരക്കഥാകൃത്ത് രഘുനാഥ് പലേരി, ഡോ.സി.എസ്. ജയറാം, പ്രൊഫ. അപ്പുക്കുട്ടന്‍ എന്നിവര്‍ സംസാരിച്ചു. കൊച്ചി അമൃത സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്റ്‌സയന്‍സസിലെ വിദ്യാര്‍ത്ഥികള്‍ വാങ്ങിയ ഉപകരണങ്ങളും ഉപഹാരങ്ങളും ആദര്‍ശിലെ കുട്ടികള്‍ക്ക് വിതരണം ചെയ്തു.
















