കൊല്ലം: എസ്എന്‍ കോളേജില്‍ വിദ്യാര്‍ത്ഥിനികളുടെ രാഖി പൊട്ടിക്കുകയും അവരെ അക്രമിക്കുകയും ചെയ്ത എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കൊട്ടിയം മന്നം മെമ്മോറിയല്‍ എന്‍എസ്എസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചത് പരസ്പരം രാഖി ബന്ധിച്ച്. ഇന്നലെ ഉച്ചയ്‌ക്കാണ് വ്യത്യസ്തമായ പ്രതിഷേധം കോളേജ് ഗേറ്റിന് മുന്നില്‍ അരങ്ങേറിയത്. കോളേജിലെ എബിവിപി യൂണിറ്റാണ് പരിപാടി സംഘടിപ്പിച്ചത്.
മുന്നൂറിലധികം വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധ പരിപാടിയില്‍ അണിനിരന്നു. കോളേജുകളില്‍ ഇത്തരം അക്രമസംഭവങ്ങള്‍ നടത്തുന്ന എസ്എഫ്‌ഐക്ക് ഇതൊരു താക്കീതായി മാറി. സ്വാതന്ത്ര്യവും സമത്വവും നാഴികയക്ക് നാല്‍പത് വെട്ടം പറയുന്നവര്‍ രാഖികെട്ടാനുള്ള സ്വാതന്ത്ര്യം തടസപ്പെടുത്തുന്നത് മറ്റ് വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തനത്തില്‍ വിറളി പൂണ്ടാണെന്ന് പ്രതിഷേധ രക്ഷാബന്ധന്‍ ഉദ്ഘാടനം ചെയ്ത എബിവിപി ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷിജില്‍ പറഞ്ഞു.
സഹോദര്യചിഹ്‌നമായ രാഖി പൊട്ടിച്ചെറിയുന്നതിലൂടെ എസ്എഫ്‌ഐയുടെ അക്രമരീതി വിദ്യാര്‍ത്ഥിസമൂഹം തിരിച്ചറിഞ്ഞതായും അദ്ദേഹം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് അനന്ദുറാം, യൂണിറ്റ് ഭാരവാഹികളായ അഭിജിത്ത് വി.എസ്, അഭിഷേക്, ശ്രുതി മുകുന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
















