കുന്നത്തൂര്‍: ശൂരനാട് വടക്ക് പുലിക്കുളത്ത് സ്ഥാപിക്കുന്ന ഗ്യാസ് ഏജന്‍സിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഗ്യാസ് ഏജന്‍സി തുടങ്ങുന്നതിന് അധികൃതര്‍ എത്തിയപ്പോഴാണ് സംഭവം. ഗ്യാസ് ഫില്ലിങ്ങ് യൂണിറ്റാണ് എന്ന് തെറ്റിദ്ധരിച്ചാണ് നാട്ടുകാര്‍ സമരവുമായി എത്തിയത്. ഫില്ലിങ്ങ് സെന്ററല്ല ഏജന്‍സിയാണ് തുടങ്ങുന്നതെന്ന് അധികൃതര്‍ അറിയിച്ചിട്ടും ജനം പ്രതിഷേധത്തില്‍ നിന്നും പിന്മാറിയില്ല. തുടക്കത്തില്‍ ഗ്യാസ് ഏജന്‍സി തുടങ്ങി പിന്നീട് ഫില്ലിങ്ങ് യൂണിറ്റാക്കുമെന്നായിരുന്നു നാട്ടുകാരുടെ വാദം. എന്നാല്‍ ഉച്ചയോടെ ഗ്യാസുമായി ലോറി എത്തിയതോടെ നാട്ടുകാര്‍ ലോറി തടഞ്ഞിട്ടു. സമീപത്ത് കട്ടച്ചൂള കമ്പനി പ്രവര്‍ത്തിക്കുന്നതിനാല്‍ ജീവന്‍ ഭീഷണിയാകുമെന്ന് ആരോപിച്ചാണ് ലോറികള്‍ തടഞ്ഞത്. സ്ത്രീകളും കുട്ടികളുമടക്കം നൂറോളം പേര്‍ പ്രതിഷേധരംഗത്തുണ്ടായിരുന്നു. സംഭവമറിഞ്ഞ് വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തി രാത്രി വൈകിയും ലോഡിറക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.
















