കോഴിക്കോട്: വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മഞ്ഞപ്പിത്തബാധ റിപ്പോര്‍ട്ടുചെയ്ത പറമ്പില്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.
രോഗബാധിതരായ മിക്ക വിദ്യാര്‍ഥികളും ഒരേ സ്ഥലത്തു നിന്നു ഭക്ഷണപദാര്‍ത്ഥങ്ങള്‍ വാങ്ങിക്കഴിക്കുന്നവരാണെന്നു വ്യക്തമായി.
ഇതിന്റെ അടിസ്ഥാനത്തില്‍ ബസ് സ്റ്റാന്‍ഡിനോടു ചേര്‍ന്ന ഹോട്ടലിലും കൂള്‍ബാറിലും പരിശോധനയും നടത്തി.
പ്രൈമറി ഹെല്‍ത്ത് സെന്ററിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. സി. ഉണ്ണിക്കൃഷ്ണന്‍ ക്ലാസെടുത്തു. വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുള്‍പ്പെടെയുള്ളവരില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചു. സമീപത്തെ കെട്ടിടത്തോടു ചേര്‍ന്ന കിണറ്റില്‍ നിന്നുള്ള വെള്ളമാണ് ഇവിടെ രണ്ടിടത്തും ഉപയോഗിക്കുന്നത്. വെള്ളത്തിന്റെ സാമ്പിള്‍ പരിശോധയ്‌ക്കായി ശേഖരിച്ചിട്ടുണ്ട്. ഫലം ലഭിക്കുന്നതു വരെ ഈ വെള്ളം ഉപയോഗിക്കരുതെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്കിയിട്ടുണ്ട്. കിണര്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തെ കെട്ടിടത്തിലെ മുറികള്‍ താമസത്തിനായി വാടകയ്‌ക്കു നല്കിയിട്ടുണ്ട്.
താമസക്കാരില്‍ ചിലര്‍ക്കും മഞ്ഞപ്പിത്തബാധയുള്ളതായും കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പുദ്യോഗസ്ഥര്‍ പറഞ്ഞു. ബോധവത്കരണ ക്ലാസിനും മെഡിക്കല്‍ ക്യാമ്പിനും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.പി.വസന്ത, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ.ഷൈജു, ഗണേഷ്‌കുമാര്‍, പാലിയേറ്റീവ് നഴ്‌സ് മിനി ജോര്‍ജ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
















