കോഴിക്കോട്: ആവശ്യത്തിന് ശുചീകരണ തൊഴിലാളികള്‍ ഇല്ലാത്തതിനാല്‍ മെഡിക്കല്‍ കോളജില്‍ മാലിന്യപ്രശ്‌നം രൂക്ഷമാകുന്നു. 300 പേര്‍ വേണ്ടിടത്ത് 180 പേരാണ് ഇപ്പോള്‍ ഉള്ളത്. മന്ത്രിമാരടക്കം ഉന്നതന്മാരുടെ ശുപാര്‍ശയുമായി ജോലിക്ക് കയറിയവരില്‍ 60 ഓളം മാത്രമേ ഇപ്പോള്‍ ഹാജരാവുന്നുള്ളൂ. അമിത ജോലി ഭാരം കാരണം ഇവരില്‍ പലരും ഉപേക്ഷിക്കാനുള്ള ഒരുക്കത്തിലാണ്. ഇതുകാരണം മെഡിക്കല്‍ കോളജ് ആശുപത്രി വൃത്തിഹീനമാകുകയും മാലിന്യകൂമ്പാരം കുന്നുകൂടുകയും ചെയ്യുന്നു.
ഇതിനിടെ ജോലി ചെയ്യാന്‍ തയ്യാറായി വരുന്ന പഴയ തൊഴിലാളികളോട് ആശുപത്രി അധികൃതര്‍ വിവേചനപരമായി പെരുമാറുന്നതായും മടക്കി അയക്കുന്നതായും ആക്ഷേപമുണ്ട്. ദിവസക്കൂലി 350 രൂപയായി വര്‍ദ്ധിപ്പിച്ചിരുന്നുവെങ്കിലും വിവിധ സംഘടനകളുടെ ഇടപെടലിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ മാസം മുതലാണ് വര്‍ദ്ധിപ്പിച്ച കൂലി കൊടുത്തത്. ഓണാഘോഷത്തിന് 1000 രൂപ ഉത്സവ ബത്തയായി കൊടുക്കാറുണ്ടെങ്കിലും ഇക്കുറി അതും കിട്ടിയില്ലെന്നും പരാതിയുണ്ട്. മാലിന്യ പ്രശ്‌നം കാരണം മെഡിക്കല്‍ കോളജിലെത്തുന്ന രോഗികളും അവരുടെ ബന്ധുക്കളുമാണ് ദുരിതത്തിലാകുന്നത്.
















