കൊല്ലം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പാറമാഫിയയുടെ പിണിയാളുകളായാണ് പ്രവര്‍ത്തിക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിച്ചു. ജില്ലയില്‍ മാലയില്‍ മലപ്പത്തൂരിലെ പാറമാഫിയക്ക് വേണ്ടി റവന്യൂ-പോലീസ് ഉദ്യോഗസ്ഥര്‍ തങ്ങളെ അവഹേളിക്കുകയാണെന്ന് പരിസ്ഥിതിസംരക്ഷണ ഏകോപനസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പരിസ്ഥിതിപ്രവര്‍ത്തകനായ അഡ്വ.വി.കെ.സന്തോഷ്‌കുമാറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം നിലച്ചിരിക്കുന്നു. സംഭവസമയത്ത് നാട്ടുകാര്‍ പിടികൂടി പോലീസിനെ ഏല്‍പ്പിച്ച മൂന്ന് പ്രതികളിലായി അന്വേഷണം ഒതുക്കുകയാണ് ചെയ്തത്. പരിസ്ഥിതിപ്രശ്‌നത്തില്‍ ധീരമായ നിലപാടെടുത്ത ജില്ലാകളക്ടര്‍ കൗശികനെ പോലും സ്ഥലംമാറ്റിയത് പാറമാഫിയയുടെ സമ്മര്‍ദ്ദശക്തികൊണ്ടാണ്. പാറമാഫിയക്കെതിരെ പ്രതികരിക്കുന്നവരെ ശാരിരികമായും മാനസികമായും തകര്‍ക്കാനുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്. ഇതിനെ ശക്തമായി ചെറുക്കുമെന്ന് ഭാരവാഹികളായ ടി.കെ.വിനോദന്‍. എസ്.ബാബുജി, അഡ്വ.വി.കെ.സന്തോഷ്‌കുമാര്‍ എന്നിവര്‍ പറഞ്ഞു.
















