മട്ടാഞ്ചേരി: പന്ത്രണ്ടുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കൊച്ചിയില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു പ്രതിയെ ഹാര്‍ബര്‍ പോലീസ് പിടികൂടി. കോഴിക്കോട് പെരുവണ്ണാമൂഴിയിലാണ് ബാലപീഡനം നടന്നത്. വീട്ടില്‍ ആരുമില്ലാത്ത വേളയില്‍ അയല്‍വീട്ടിലെ ബാലനെ വിളിച്ചുവരുത്തി പീഡനം നടത്തിയത്. കോഴിക്കോട് പെരുവണ്ണാമൂഴി മാത്തൂരില്‍ വാഴയില്‍ മീത്തല്‍ വീട്ടില്‍ ഗോവിന്ദന്‍ മകന്‍ ബാബു (45)വിനെയാണ് ഹാര്‍ബര്‍ എസ്‌ഐ പി.ജി. ലോറന്‍സും സിവില്‍ പോലീസ് ഓഫീസര്‍മാരായ സജീവ്‌രാജ്, ബാബുകുട്ടകുറുപ്പ് എന്നിവര്‍ ചേര്‍ന്ന് കസ്റ്റഡിയിലെടുത്തത്. ബാലപീഡനത്തെത്തുടര്‍ന്ന് പെരുവണ്ണാമൂഴി പോലീസ് കേസെടുത്തതറിഞ്ഞ് ബാബു കൊച്ചി ഹാര്‍ബറിലെ ബന്ധുവീട്ടിലെത്തി ഒളിവില്‍ താമസിക്കുകയായിരുന്നു. അപരിചിതനെ കണ്ട വിവരം ജനമൈത്രി സുരക്ഷാസമിതിയാണ് പോലീസിനെ അറിയിച്ചത്. ഭാര്യയും ഒരു ആണ്‍കുട്ടിയുമുള്ള ബാബു തേപ്പുജോലിക്കാരനാണ്. വിവരമറിഞ്ഞ് കൊച്ചിയിലെത്തിയ പെരുവണ്ണാമൂഴി പോലീസിന് പ്രതിയെ കൈമാറി.
















