ആലപ്പുഴ: ആലപ്പുഴയുടെ കായിക പാരമ്പര്യവും കരുത്തും രാജ്യത്തിന് സമര്‍പ്പിക്കാനും കായിക മേഖലയില്‍ അഭിരുചിയുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്താനുമായി പഴയകാല താരങ്ങള്‍ കൈകോര്‍ക്കുന്നു. ലീയോ അത്‌ലറ്റിക് അക്കാദമിയെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഈ പരിശീലനക്കളരിയില്‍ ഇപ്പോള്‍ നൂറോളം കുട്ടികള്‍ സൗജന്യ കായിക പരിശീലനം നേടുന്നു.
നഗരത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മൂന്നും നാലും ക്ലാസുകളിലെ വിദ്യാര്‍ത്ഥികളും ഹൈസ്‌കൂള്‍, പ്ലസ്ടു വിദ്യാര്‍ത്ഥികളും പരിശീലനം നേടുന്നു. ആലപ്പുഴ ലിയോ തെര്‍ട്ടീന്ത് ഹൈസ്‌കൂളില്‍ നിന്നും കായിക രംഗത്തെത്തി ദേശീയ നിലവാരം പുലര്‍ത്തിയ പതിനൊന്നോളം മുന്‍കാല താരങ്ങളാണ് ഈ പരിശീലന കളരിക്ക് നേതൃത്വം നല്‍കുന്നത്. സെബാസ്റ്റ്യന്‍ വര്‍ഗീസാണ് മുഖ്യ പരിശീലകന്‍. അക്കാദമിയുടെ പ്രചരണാര്‍ത്ഥം 22ന് തുമ്പോളി സെന്റ് തോമസ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തുന്ന ജുനിയര്‍ ഉപജില്ലാ കായികമേള കെ.സി.വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
പത്രസമ്മേളനത്തില്‍ പ്രസിഡന്റ് സെബാസ്റ്റ്യന്‍ വര്‍ഗീസ്, സെക്രട്ടറി ജോണ്‍സണ്‍ ലൂയിസ്, ആന്റണി ഫെര്‍ണാണ്ടസ്, കെ.എ. മൈക്കിള്‍, കെ. ഷാജഹാന്‍ എന്നിവര്‍ പങ്കെടുത്തു.
















