കൊച്ചി: മൂത്രാശയ അര്‍ബുദ ശസ്ത്രക്രിയയ്‌ക്ക് റോബോട്ടിക് ശസ്ത്രക്രിയ വളരെ സുരക്ഷിതമായ മാര്‍ഗ്ഗമാണെന്ന് അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ യൂറോളജി വിഭാഗം ഡോ:ഗിനില്‍ പറഞ്ഞു.
കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നടന്ന രണ്ടാമത് ദ്വിദിന അന്തര്‍ദ്ദേശീയ മൂത്രാശയ അര്‍ബുദചികിത്സാ ശസ്ത്രക്രിയാ സമ്മേളനത്തില്‍ റോബോട്ടിക് സര്‍ജറിയുടെ പ്രാധാന്യം എന്ന വിഷയത്തെക്കുറിച്ചുള്ള മുഖ്യപ്രഭാഷണത്തിലാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
മൂത്രാശയ അര്‍ബുദശസ്ത്രക്രിയകള്‍ക്ക് സൂക്ഷ്മമായ ശസ്ത്രക്രിയ ആവശ്യമായതിനാല്‍ ഡാവിഞ്ചി റോബോട്ടിക് ശസ്ത്രക്രിയകള്‍ രോഗിക്ക് വളരെ ഫലപ്രദമാണെന്നും ആശുപത്രിവാസം കുറവുമതിയെന്നും അഭിപ്രായപ്പെട്ടു. അന്തര്‍ദ്ദേശീയ മൂത്രാശയ അര്‍ബുദചികിത്സാ ശസ്്രതക്രിയാ സമ്മേളനത്തിന്റെ ഉദ്ഘാടനം പ്രശസ്ത യൂറോളജിസ്റ്റ് ഡോ:രാജീവ് സൂദ് ഭദ്രദീപം കൊളുത്തി നിര്‍വ്വഹിച്ചു.
മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തി. അമൃത സ്‌കൂള്‍ ഓഫ് മെഡിസിന്‍ പ്രിന്‍സിപ്പല്‍ ഡോ:പ്രതാപന്‍ നായര്‍, മെഡിക്കല്‍ സൂപ്രണ്ടന്റ് ഡോ:സഞ്ജീവ് കെ.സിങ്ങ്, യൂറോളജി വിഭാഗം മേധാവി ഡോ:അപ്പുതോമസ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
















