മുണ്ടക്കയം: രേഖകളില്ലാതെ കടത്തിയ എട്ടുകിലോ വെളളി ആഭരണങ്ങള്‍ എക്‌സൈസ് സംഘം പിടികൂടി വില്‍പ്പന നികുതി അധികൃതര്‍ക്കു കൈമാറി. തമിഴ്‌നാട് മധുരയില്‍ നിന്നും കോട്ടയത്തേക്കു രേഖകളില്ലാതെ കടത്തിയ എട്ടുകിലോ വെളളി ആഭരണങ്ങളുമായി മധുര സ്വദേശി സൂര്യ(18)നെയാണ് മുണ്ടക്കയം എക്‌സൈസ് ഇന്‍ സ്‌പെക്ടര്‍ ടി.ആര്‍. രാജേഷിന്റെ നേതൃത്വത്തില്‍ സംഘം പിടികൂടിയത്. ഞായറാഴ്ച രാത്രി എട്ടേമുക്കാലോടെ മുണ്ടക്കയം ബസ്റ്റാന്‍ഡില്‍ കഞ്ചാവിനായി നടത്തിയ തെരച്ചിലിലാണ് രേഖകളില്ലാതെ കൊണ്ടു വന്ന വെളളി പിടികൂടിയത്.മുണ്ടക്കയം കോട്ടയം ഭാഗത്തേക്കു വ്യാപകമായി കഞ്ചാവു കടത്തുന്നതായി ലഭിച്ച വിവരത്തെ തുടര്‍ന്നു ബസ്റ്റാന്‍ഡിലെത്തുന്ന ബസ്സുകളില്‍ രഹസ്യ പരിശോധനയില്‍ കൈയ്യില്‍ ബാഗുമായി ബസ്സില്‍ കയറുന്ന ഇയാളെ സംശാസ്പദമായി കണ്ടതിനെ തുടര്‍ന്നു പിടികൂടി ചോദ്യം ചെയ്യുന്നതിനിടയിലാണ് വെളളി ആഭരണങ്ങള്‍ കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ ആഭരണങ്ങള്‍ക്കു നികുതിയടച്ചതാണ്ന്നും രേഖകളെല്ലാം കൃത്യമാണന്നും അറിയിച്ചെങ്കിലും പിന്നീട് വിശദമായ ചോദ്യം ചെയ്യലില്‍ രേഖകലില്ലന്നും കോട്ടയത്തേക്കു വില്‍പ്പന ക്കു കൊണ്ടുപോകുകയുമാണന്നു സമ്മതിക്കുകയായിരുന്നു. പിന്നീട് പാലാ വില്‍പ്പന നികുതി ഇന്റലിജന്‍സ് വിഭാഗത്തിനു കൈമാറി. തുടര്‍ന്നു എണ്‍പത്തി അയ്യായിരം രൂപ നികുതി അടപ്പിച്ച ശേഷം ആഭരണങ്ങള്‍ വിട്ടു നല്‍കി. ഉദ്ദേശം അഞ്ചു ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് പിടികൂടിയത്. പ്രിവന്റീവ് ആഫീസര്‍ പി.ടി. ബനിയാം, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.സി. സുരേന്ദ്രന്‍, സി. കണ്ണന്‍, ഇ.സി. അരുണ്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്.
















