കായംകുളം: കാതടപ്പിക്കുന്ന വെടിയൊച്ചകളുടേയും സ്‌ഫോടനങ്ങളുടേയും നടുവില്‍ നിന്ന് നാട്ടില്‍ തിരച്ചെത്തിയ സന്തോഷത്തിലാണ് ചെട്ടികുളങ്ങര ഈരേഴതെക്ക് സുരേഷ് ഭവനത്തില്‍ സൂരജ് (26). ജിബൂട്ടിയില്‍ നിന്ന് പുറപ്പെട്ട സൈനികവിമാനത്തില്‍ ഏപ്രില്‍ 10ന് പുലര്‍ച്ചെ ആറിന് കൊച്ചി വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍ സകലദൈവങ്ങളേയും നന്ദിയോടെ സ്മരിച്ചുപോയതായി സൂരജ് പറഞ്ഞു.
രണ്ടുമാസം മുമ്പാണ് ഇന്‍ട്രാക്‌സ് മിഡില്‍ ഈസ്റ്റ് എന്ന ക്രൂഡ് ഓയില്‍ കമ്പനിയില്‍ ക്യാമ്പ് ബോസായി സൂരജ് യെമനില്‍ എത്തിയത്. ജോലിയില്‍ പ്രവേശിച്ച് ഒരുമാസം കഴിഞ്ഞപ്പോഴേക്കും ഹൂദിവിമതര്‍ രാജ്യത്ത് ആഭ്യന്തര കലാപം അഴിച്ചുവിട്ടു. ആദ്യമൊക്കെ കലാപം സര്‍ക്കാര്‍ അടിച്ചമര്‍ത്തുമെന്നുള്ള പ്രതീക്ഷയിലായിരുന്നു അപ്പോഴും ജോലി നഷ്ടപ്പെടുമെന്ന് കരുതിയില്ല. കലാപം രൂക്ഷമാകുമെന്നുറപ്പായതോടെ യെമനിലെ ഭാരതീയരെ സുരക്ഷിതരാക്കുവാനുള്ള എല്ലാ നടപടികളും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത് യെമനില്‍ താമസിക്കുന്നവര്‍ക്ക് അനുഗ്രഹമായതായും സൂരജ് പറയുന്നു.
















