രാമദര്‍ശനത്താല്‍ തപസ്സാഫല്യം വന്ന ഭരദ്വാജനൊപ്പമാണ് ഒരു രാത്രി. പിറ്റേന്ന് കാളിന്ദി കടന്ന് ചിത്രകൂടത്തിലേക്ക്. വാല്മീകി വസിക്കുന്നിടമെത്തുമ്പോള്‍ ഈ ദിക്കില്‍ ഏറെക്കാലം കഴിയാന്‍ തോന്നുന്നുണ്ട് ശ്രീരാമചന്ദ്രന്. ഉചിതമായ വാസസ്ഥാനം ഏതെന്ന ഭഗവാന്റെ ചോദ്യത്തിനുള്ള മറുപടി വേദാന്തിയുടേതാണല്ലോ. വാല്മീകി പറയുന്നു: സര്‍വലോകങ്ങളും നിന്നില്‍ വസിക്കുന്നു. നീയാകട്ടെ സര്‍വലോകങ്ങളിലും വസിക്കുകയും ചെയ്യുന്നു. ഉത്തമഭക്തരുടെ അന്തരംഗത്തിനപ്പുറം നിനക്ക് നല്ല സുഖവാസമന്ദിരം ഏത് ?!
ഇഷ്ടലബ്ധിയില്‍ അതിരറ്റ സന്തോഷമോ അനിഷ്ടത്തില്‍ അതിരില്ലാത്ത സന്താപമോ ഇല്ലാതെ, ഒക്കെയും മിഥ്യയെന്നു കാണുന്നവരുടെ മനസ്സുതന്നെ അങ്ങയ്‌ക്കു വാസമന്ദിരം. ചിത്രകൂടത്തില്‍ അവര്‍ക്ക് താമസം ഒരുക്കുന്നു, രാമനാമമാഹാത്മ്യത്താല്‍ ബ്രഹ്‌മജ്ഞനായ മുനി.
മുന്നോടിയായി വാക്കുകളാല്‍ ഒരുക്കുന്നത് ചിത്തംനിറയ്‌ക്കുന്ന ഉള്‍ക്കാഴ്ചകളും.
















