ആത്മീയജീവിതത്തില്‍ പരമപ്രധാനമായിട്ടുള്ളത് ഭക്തിയാണ്. തീവ്രമായ ഭക്തിയും അത്യുല്‍കൃഷ്ടമായ ഭാവവും കൂടാതെ ഈശ്വരപ്രീതി നേടുവാന്‍ സാദ്ധ്യമല്ല. മനസ് ഈശ്വരനില്‍ ലയിക്കണം. ഈശ്വരനുമായി ആത്മീയബന്ധം സ്ഥാപിക്കുന്നത് ഭാവംകൊണ്ടാണ്. ഭാവം എത്ര കണ്ട് ഗാഢമാകുന്നുവോ അത്രകണ്ട് ആദ്ധ്യാത്മികതയിലുള്ള പുരോഗതി ത്വരിതപെടും. ഭാവമാകുന്ന ദീപം ഹൃദയാന്തര്‍ഭാഗത്ത് കൊളുത്തി അന്ധകാരത്തേയും ശൂന്യതയെയും ഉന്മൂലനം ചെയ്യുക ഭാവം പൂര്‍ണമാകുമ്പോള്‍ ഇൗശ്വരനുമായുള്ള ഗാഢസൗഹൃദത്തിന്റെ പുളകം നിങ്ങള്‍ അനുഭവിക്കുകയും ആരാധന ആന്തരികമായ ആശയവിനിമയമായി പരിണമിക്കുകയും ചെയ്യും.
ഈശ്വര പ്രാപ്തിക്ക് ശക്തിയും ആന്തരികമായ ശുഭദൃഷ്ടിയും അനിവാര്യമാണ്. ശക്തിയാണീശ്വരന്‍. അതിനാല്‍ സകലശക്തികളും നിങ്ങളില്‍ത്തന്നെ വര്‍ത്തിക്കുന്നു എന്നുള്ളത് വ്യക്തമാണ്. ആ ശക്തികളെ ഉണര്‍ത്തണം. ഉണര്‍ത്തപ്പെട്ട ആ ശക്തികളെ സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ചുവിടുകയും വേണം.
സാധാരണ ഭാവത്തില്‍ തുടങ്ങിയ അമ്മയുടെ പ്രവചനം ഈശ്വരശക്തിയുടെ പരാമര്‍ശത്തിലേക്കും ആവേശകരമായ ഉല്‍ബോധനത്തിലേക്കും കടന്നതോടെ ദേവിയുടെ മുഖഭാവങ്ങളും മാറി. അഗ്നികുണ്ഡത്തില്‍നിന്ന് സ്ഫുലിംഗങ്ങള്‍ചിന്നിച്ചിതറുംപോലെ ആയിരുന്നു പിന്നെയുള്ള ഓരോ വാക്കും .
ദേവി തുടര്‍ന്നു:- മനുഷ്യഭാവനക്കതീതമായ ശക്തികളോടും വിഭൂതികളോടും ധര്‍മ്മങ്ങളോടുംകൂടിയ ഈശ്വരന്‍ അതുല്യനായി വിരാജിക്കുന്നു.
പ്രപഞ്ചമാസകലം നിറഞ്ഞ് സീമയറ്റ അപാരതയിലും അഖണ്ഡമായി വ്യാപിച്ച് നില്‍ക്കുകയാണീശ്വരന്‍. അവര്‍ണനീയമായ അവിടുത്തെ മഹിമ അപാരം തന്നെ. ആ മഹത്വത്തിന്റെയും ഗാംഭീര്യത്തിന്റെയും പരിപൂര്‍ണതയുടെയും മുമ്പില്‍ മനുഷ്യന്‍ വെറും അണുമാത്രം. ഈശ്വരനാകുന്ന സമുദ്രത്തിലെ ഒരു ബിന്ദുമാത്രമാണ് ജീവന്‍. അമേയമായ ആ മഹാഗ്നിയുടെ ഒരു സ്ഫുലിംഗംമാത്രം മതി മനുഷ്യനെ ഉദ്ധരിക്കാന്‍.
ഈശ്വരനാകുന്ന മഹാ സൂര്യന്റെ വെറും ഒരു കിരണം. ഈശ്വരദത്തമായ ഒരു ശക്തിമാത്രമാണ് ജീവനുള്ളത്. ത്രിമൂര്‍ത്തികളും താപസന്മാരും ആ പരാപരനെ ആരാധിച്ചുകൊണ്ടിരിക്കുന്നു. അപ്പോള്‍ അവിദ്യബന്ധനായ ജീവന്റെ കാര്യം പറയാനുണ്ടോ.
















