ഈശ്വരപ്രേമം സകല സാധനകളേക്കാളും ശ്രേഷ്ഠതരമാണ്. ശ്രീകൃഷ്ണഭഗവാനോടുളള അടങ്ങാത്ത പ്രേമം കാരണം വൃന്ദാവനത്തിലെ ഗോപികകള്‍ ഋഷീശ്വരന്മാര്‍ക്കുപോലും ആരാധ്യകളായി ഭവിച്ചില്ലേ! ആ മഹത് മഹിളകള്‍ ഒരു യോഗയും പരിശീലിച്ചിരുന്നില്ല. ഒരു യാഗംപോലും നടത്തിയതുമില്ല. അവര്‍ക്ക് വൈദികഗ്രന്ഥങ്ങളെപ്പറ്റി ഒരു അറിവും ഉണ്ടായിരുന്നില്ല. പക്ഷേ, മറ്റുള്ളവര്‍ക്ക് അപ്രാപ്യമായിരുന്ന ഒരു ജ്ഞാനം അവര്‍ക്കുണ്ടായിരുന്നു. അതായത് ശ്രീകൃഷ്ണന്‍ ഈശ്വരാവതാരമാണെന്ന ബോധം.
ശരീരപതനത്തിനുമുമ്പ് നിങ്ങള്‍ ഈശ്വരജ്ഞാനം നേടണം. അല്ലെങ്കില്‍ കുറഞ്ഞപക്ഷം അന്ത്യനിമിഷത്തിലെങ്കിലും ഈശ്വരചിന്തയോടെ ശരീരം ത്യജിക്കണം. അമ്മയുടെ മക്കളായ നിങ്ങള്‍ ഒരിക്കലും വ്യാമോഹങ്ങള്‍ക്ക് വശംവദരാകരുത്. ലക്ഷ്യം ഈശ്വരന്‍ മാത്രമായിരിക്കണം.
ഈശ്വരചൈതന്യം ബുദ്ധിയില്‍ പ്രകടമാവണം. ഈശ്വരകാരുണ്യത്തിനുവേണ്ടി നിരന്തരം പ്രാര്‍ത്ഥിക്കുവിന്‍. സമയം മുഴുവന്‍ ശാസ്ത്രഗ്രന്ഥങ്ങളില്‍ത്തന്നെ ബ്രഹ്മചൈതന്യത്തെ അനേ്വഷിക്കുവാനായി വിനിയോഗിക്കാതിരിക്കുവിന്‍. ലക്ഷ്യബോധമില്ലാത്തവര്‍ക്ക് ഗ്രന്ഥങ്ങള്‍ കൊടും കാടായിത്തീരും. നിങ്ങള്‍ അവിടെകിടന്നു ജീവിതപരാജയമടയരുത്. ആന്തരികത്തിലേക്ക് ദൃഷ്ടിയെ നയിക്കുവിന്‍. ആത്മാനുസന്ധാനം ചെയ്യുവിന്‍. ധ്യാനത്തില്‍ നിഷ്ഠപാലിച്ച് അതില്‍ മുഴുകുവിന്‍. ഈശ്വരനെ സ്മരിക്കുക. തിരക്കിട്ട കര്‍ത്തവ്യങ്ങളില്‍ വ്യാപരിക്കുമ്പോഴും ഈശ്വര സമ്പര്‍ക്കം പുലര്‍ത്തുക.
ജീവന്മാരെ നേര്‍വഴിക്ക് നയിക്കാനാണ് ഈശ്വരന്‍ തന്നെ ഭൂമിയില്‍ അതീര്‍ണരാവുന്നത്. ഈശ്വരന്റെ പ്രേമവായ്‌പിനെയും കാരുണ്യാതിരേകത്തെയും പറ്റി സദാ ഓര്‍മ്മിക്കാന്‍ കഴിഞ്ഞാല്‍ സകല ദുരിതങ്ങളും നിങ്ങള്‍ക്ക് മറക്കാന്‍ സാധിക്കും. ശാന്തി കൈവരും. മറ്റൊരാള്‍ക്ക് ശാന്തിപകരുവാന്‍ സാദ്ധ്യമല്ല. അത് ഈശ്വരന് മാത്രമേ സാധിക്കൂ.
ദുഃസംഗമത്തെ വര്‍ജ്ജിക്കുക. അവരാണു നിങ്ങള്‍ക്ക് ദുരിതം വരുത്തുക. നിങ്ങളില്‍ അവശേഷിക്കുന്ന നിശ്വാസംപോലും ചിലര്‍ നഷ്ടപ്പെടുത്തും. അവര്‍ നിങ്ങളെ ഈശ്വരനില്‍നിന്നു അകറ്റും. യഥാര്‍ത്ഥത്തില്‍ ഈശ്വര വിസ്മൃതിയെക്കാള്‍ വലിയ മറ്റൊരു ദുരിതമില്ല. എന്നാല്‍ അജ്ഞതയില്‍ കഴിയുന്നവര്‍ ഇതറിയുന്നില്ല. ശാന്തി അമൂല്യമാണ്. കോടാനുകോടി രൂപയ്‌ക്ക് വേണ്ടിപ്പോലും ശാന്തിയെ പകരം കൊടുക്കാന്‍ സാദ്ധ്യമല്ല.
















