ആലപ്പുഴ: കേരളത്തിന് വേണ്ടി വേമ്പനാട് കായലില്‍ തുഴയെറിഞ്ഞ സഹോദരിമാര്‍ക്ക് ദേശീയ ഗെയിംസ് റോവിങില്‍ മെഡല്‍ നേട്ടം. കേരള ടീമിലെ താരങ്ങളായ താരാ കുര്യനും ചിപ്പി കുര്യനുമാണ് ഹൈറേഞ്ചില്‍ നിന്നെത്തി സ്വര്‍ണവും വെള്ളിയും കരസ്ഥമാക്കിയത്.
കട്ടപ്പന മേലേചിന്നാര്‍ കുമ്പളാട്ടുകുന്നേല്‍ സണ്ണി കുര്യന്റെയും ഉഷയുടെയും മക്കളായ ഇരുവരും ഇന്നലെ മത്സരിച്ച രണ്ടിനങ്ങളില്‍ ചിപ്പി കുര്യന് ഒന്നില്‍ സ്വര്‍ണം ലഭിച്ചപ്പോള്‍ ചേച്ചി താരാ കുര്യന് ഒരിനത്തില്‍ വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 2,000 മീറ്റര്‍ കോക്‌സ്‌ലസ് ഫോറിലാണ് ചിപ്പിക്ക് സ്വര്‍ണം നേടാനായത്. വനിത ഡബിള്‍ സ്‌കള്ളിലാണ് താരാ കുര്യന് വെള്ളി ലഭിച്ചത്. സായി ജലകായിക കേന്ദ്രത്തിലാണ് ഇരുവരും പരിശീലനം നടത്തുന്നത്. വെള്ളവും വള്ളവുമില്ലാത്ത നാട്ടില്‍ നിന്നെത്തി വേമ്പനാട് കായലിന്റെ ഓളപ്പരപ്പില്‍ വര്‍ഷങ്ങളായി തുഴച്ചില്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണിരുവരും.
പതിനൊന്നു വര്‍ഷമായി താരയും എട്ട് വര്‍ഷമായി ചിപ്പിയും സായി കേന്ദ്രത്തിലെ വിദ്യാര്‍ഥികളാണ്. 2009ലെ ലോക ചാമ്പ്യന്‍ഷിപ്പിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും താര മെഡല്‍ നേടിയിട്ടുണ്ട്. ദേശീയ ചാമ്പ്യന്‍ഷിപ്പുകളിലും മെഡലുകള്‍ കിട്ടിയിട്ടുണ്ട്. ചിപ്പി ദേശീയ ജൂനിയര്‍, സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ സുവര്‍ണ നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. വീടിന് സമീപത്തെ ബഥനിമേല്‍ സ്‌കൂളിലും കാല്‍വരി മൗണ്ട് സ്‌കൂളിലുമാണ് ഇരുവരും പഠിച്ചത്. ഹൈസ്‌കൂളിലെത്തിയപ്പോഴാണ് സായി ജലകായിക കേന്ദ്രത്തിലേക്ക് സെലക്ഷന്‍ കിട്ടിയത്. സഹോദരി നീതു കുര്യന്.
















