കണ്ണൂര്‍: ജി കെ എസ് എഫ് സീസണ്‍ 8ന്റെ ഭാഗമായി ജനുവരി 5,6 തീയതികളില്‍ സംഘടിപ്പിക്കുന്ന ‘സമ്മാനദിനങ്ങള്‍’ എന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരില്‍ ടൂറിസം വകുപ്പ് മന്ത്രി ഏ. പി. അനില്‍കുമാര്‍ ഇന്ന് നിര്‍വഹിക്കും.
കേരളത്തിലെ പ്രമുഖ വ്യാപാരസ്ഥാപനങ്ങള്‍ പങ്കാളികളാകുന്ന ഈ ആഘോഷത്തില്‍ ആകര്‍ഷണീയമായ സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നു.
സംസ്ഥാനത്തെ പ്രീമിയം കാറ്റഗറിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അറുപതോളം സ്ഥാപനങ്ങള്‍ ഈ സമ്മാനപദ്ധതിയില്‍ അംഗങ്ങളായിട്ടുണ്ട്. ജനുവരി 5,6 തീയതികളില്‍ പ്രസ്തുത സ്ഥാപനങ്ങളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആകര്‍ഷകമായ വിലക്കിഴിവും പ്രത്യേക സമ്മാനങ്ങളും വ്യാപാരസ്ഥാപനങ്ങള്‍ നല്‍കും.
പ്രധാനമായും ഓണ്‍ലൈന്‍ വ്യാപാരമേഖലയില്‍ പരീക്ഷിച്ചു വിജയിച്ച ഈ സംരംഭം സംസ്ഥാനത്താദ്യമായാണ് റീട്ടെയിലിംങ്ങ് രംഗത്ത് പരീക്ഷിക്കപ്പെടുന്നത്.
കണ്ണൂര്‍ ഫോര്‍ട്ട് റോഡിലെ നിക്ഷാന്‍ ഇലക്‌ട്രോണിക്‌സില്‍ തയ്യാറാക്കിയ വേദിയിലാണ് ഉദ്ഘാടനചടങ്ങ്. ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ ഐ. എ. എസ്, ജി കെ എസ് എഫ് ഡയറക്ടര്‍ അനില്‍ മുഹമ്മദ്, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ റോഷ്‌നി ഖാലിദ്, വൈസ് ചെയര്‍മാന്‍ ടി. ഒ. മോഹനന്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിക്കും. വിശദവിവരങ്ങള്‍ക്ക് 7034377000 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
















