ന്യൂദല്‍ഹി: മുന്‍ കേന്ദ്ര മന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിനെ മരിച്ചനിലയില്‍ കണ്ടെത്തിയ ഹോട്ടല്‍ മുറിയില്‍ പോലീസ് വീണ്ടും തെളിവെടുപ്പ് നടത്തി.ദല്‍ഹിയിലെ ലീല ഹോട്ടല്‍ 345ാം മുറിയില്‍ പോലീസും ഫോറന്‍സിക് സംഘവും സംയുക്തമായാണ തെളിവെടുപ്പ് നടത്തിയത്. പുതുതായി സമര്‍പ്പിച്ച ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും തെളിവെടുപ്പ് നടത്തിയതെന്ന് ദല്‍ഹി പോലീസ് അറിയിച്ചു.പരിശോധനയില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന.
സുനന്ദ മരിച്ചത് വിഷം ഉള്ളില്‍ ചെന്നാണെന്ന് അന്തിമ റിപ്പോര്‍ട്ടിലും ഫോറന്‍സിക് സംഘം ആവര്‍ത്തിച്ചതിനെ തുടര്‍ന്നായിരുന്നു വീണ്ടും മുറി തുറന്ന് പരിശോധിച്ചത്. പരിശോധനയില്‍ ലഭിച്ച തെളിവുകള്‍ ഉടന്‍ തന്നെ സെന്‍ട്രല്‍ ഫോറന്‍സിക് ലാബില്‍ വിശദ പരിശോധന നടത്തിയ ശേഷം പോലീസിന് റിപ്പോര്‍ട്ട് കൈമാറും.
















