ആലപ്പുഴ: പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ഈ വര്‍ഷം ഓണ ചന്തകള്‍ നടത്താന്‍ കഴിയാതിരുന്നത് കണ്‍സ്യൂമര്‍ഫെഡ് കബളിപ്പിച്ചതിനാല്‍. സംഘങ്ങള്‍ കഴിഞ്ഞ വര്‍ഷം കണ്‍സ്യൂമര്‍ഫെഡിന് നല്‍കിയ തുകയ്‌ക്ക് സാധനങ്ങള്‍ ഇന്നും ലഭിച്ചിട്ടില്ല. പണം ആവശ്യപ്പെട്ട് സംഘങ്ങള്‍ കണ്‍സ്യൂമര്‍ഫെഡിനെ സമീപിച്ചെങ്കിലും പണം നല്‍കുവാന്‍ കഴിയാതെ കണ്‍സ്യൂമര്‍ഫെഡ് ഇരുട്ടില്‍ തപ്പുന്നു.
സഹകരണ സ്ഥാപനങ്ങള്‍ ഓണച്ചന്ത നടത്തിയിരുന്നത് കണ്‍സ്യൂമര്‍ഫെഡിന്റെ ഗോഡൗണുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയായിരുന്നു. ഇതിനായി പണവും മുന്‍കൂര്‍ നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ചേര്‍ത്തല ടൗണിലെ സഹകരണ സംഘം പലചരക്ക് സാധനങ്ങള്‍ നല്‍കാന്‍ ഒരു ലക്ഷം രൂപ കണ്‍സ്യൂമര്‍ ഫെഡിനെ ഏല്‍പ്പിച്ചുവെങ്കിലും 40,000 രൂപയുടെ പലചരക്ക് സാധനങ്ങള്‍ മാത്രമാണ് സംഘത്തിന് ലഭിച്ചത്. ബാക്കി ലഭിക്കുവാനുള്ള സാധനങ്ങളും പണവും ഒരു വര്‍ഷം പിന്നിട്ടിട്ടും നല്‍കുവാന്‍ കണ്‍സ്യൂമര്‍ഫെഡിന് കഴിയുന്നില്ല.
ഈ വര്‍ഷം പ്രാഥമിക സഹകരണ സംഘങ്ങളില്‍ സ്ഥിരം കച്ചവടം ഉള്ള കടകള്‍ക്ക് മാത്രമാണ് കണ്‍സ്യൂമര്‍ഫെഡില്‍ നിന്ന് അല്‍പ്പമെങ്കിലും അരിയും മറ്റ് ഉല്‍പ്പന്നങ്ങളും ലഭിച്ചത്. ഇത് സബ്‌സിഡികള്‍ നല്‍കുന്നുവെന്ന് വരുത്തിത്തീര്‍ക്കുവാന്‍ മാത്രം ഉള്ള സര്‍ക്കാരിന്റെ തട്ടിപ്പായി സഹകരണ സ്ഥാപനങ്ങളിലെ ഭരണകര്‍ത്താക്കള്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം വാങ്ങിയ പണത്തിന് ഈ വര്‍ഷം സാധനങ്ങള്‍ ലഭിക്കാത്ത നിരവധി സഹകരണ സ്ഥാപനങ്ങള്‍ ഉണ്ട്. പലരും സാധനങ്ങള്‍ ഇല്ല എങ്കില്‍ പണം തിരികെ നല്‍കുവാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
















