കൊച്ചി: പതിനേഴാമത് ഏഷ്യന്‍ ഗെയിംസിനുള്ള ഭാരത ടീമിന്റെ ഔദ്യോഗിക പങ്കാളിയായി സാംസങിനെ പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ സാംസങ് സൗത്ത് വെസ്റ്റ് ഏഷ്യ പ്രസിഡന്റ് ആന്റ് സിഇഒ ബി. ഡി. പാര്‍ക്കും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് എന്‍. രാമചന്ദ്രനും ഒപ്പ് വെച്ചു. കൂടാതെ ഏഷ്യന്‍ ഗെയിംസിനുള്ള ഭാരത ടീമിന്റെ ഔദ്യോഗിക പങ്കാളിയായ സാംസങ് മികച്ച കായികതാരങ്ങള്‍ക്കുള്ള സാംസങ് സ്പോര്‍ട്സ് രത്ന പദ്ധതിയുടെ അഞ്ചാമത് എഡിഷന് തുടക്കം കുറിക്കുകയും ചെയ്തു.
പി.വി. സിന്ധു, പി. കാശ്യപ് (ബാഡ്മിന്റണ്‍), ദേവന്ദ്രാസിംഗ്, മേരി കോം (ബോക്സിംഗ്), യോഗേശ്വര്‍ ദത്ത്, വിനേഷ് ഫോഗത്, ബബിതകുമാരി (റെസ്ലിംഗ്), മാനവ്ജിത് സിംഗ് സന്ധു, അഭിനവ് ബിന്ദ്ര, ഗഗന് നരംഗ്, മലെയ്ക ഗോയല്‍ (ഷൂട്ടിംഗ്), ദീപിക കുമാരി (ആര്‍ച്ചറി) എന്നീ താരങ്ങളെയാണ് സാംസങ് സ്പോര്‍ട്സ് രത്ന പദ്ധതിയില്‍ തിരഞ്ഞടുത്തിട്ടുള്ളത്.
സപ്തംബര്‍ 19 മുതല്‍ ഒക്ടോബര്‍ നാലു വരെ സൗത്ത് കൊറിയയില്‍ ഇഞ്ചിയോണിലാണ് ഏഷ്യന്‍ ഗെയിംസ്. 1998 മുതല്‍ ആരംഭിച്ചതാണ് സാംസങും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനുമായുള്ള സഹകരണം.
















