അബുജ: നൈജീരിയയില്‍ ഭീകര സംഘടനയായ ബോകോ ഹറാം തട്ടിക്കൊണ്ടുപോയ 60 ലേറെ പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. നൈജീരിയയിലെ പ്രമുഖ പത്രമായ നൈജീരിയന്‍ ബുള്ളറ്റിന്‍ ആണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ബോര്‍ണോ സ്റ്റേറ്റിലെ ബൊംബാവോയില്‍ നിന്നാണ് പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടതെന്ന് പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞു. സൈനികര്‍ പ്രദേശം വളഞ്ഞതിനെ തുടര്‍ന്ന് ഭീകരര്‍ പുറത്തു പോയപ്പോഴാണ് ഇവര്‍ രക്ഷപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടികള്‍ വീട്ടില്‍ എത്തിയതായും പറയുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യാഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
200ലേറെ സ്കൂള്‍ വിദ്യാര്‍ത്ഥിനികളെയാണ് ബോകോ ഹറാം ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ശേഷിക്കുന്ന പെണ്‍കുട്ടികള്‍ ഇപ്പോഴും തടവില്‍ കഴിയുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവരെ രക്ഷിക്കാന്‍ സെനിക നടപടി ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. കുട്ടികളെ തട്ടിക്കൊണ്ടപോയത് വിറ്റു കാശാക്കാനാണെന്ന് നേരത്തെ ബോകോ ഹറാം നേതാവ് അബൂബക്കര്‍ ശെകോ പറഞ്ഞിരുന്നു. സംഘടന പുറത്തിറക്കിയ വീഡിയോയിലായിരുന്നു ഇയാളുടെ അവകാശവാദം.
പ്രില്‍ പകുതിയോടെയാണ് 276 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
















