ഭൗതികവസ്തുക്കളുടെ മുഴുവന്‍ ചൂഷകനും ഭോക്താവും ഭഗവാന്‍ കൃഷ്ണന്‍ മാത്രമാണെന്ന് കര്‍മയോഗികള്‍ക്കറിയാം. ജീവാത്മാക്കളുടെയെല്ലാം അധിപന്‍ അദ്ദേഹമാണെന്നും അവര്‍ അറിയുന്നു. ഭഗവാന്‍ കൃഷ്ണനുമായുള്ള ബന്ധം വിസ്മരിക്കുന്നതിനാല്‍ ജീവാത്മാവ് മായയുടെ പിടിയില്‍പ്പെടുന്നു. മായയ്‌ക്കധീനനായി, അവന്‍ ഭോക്താവും ത്യാഗിയുമൊക്കെയായി നടിക്കുന്നു. എന്നാല്‍ ഇതെല്ലാം വെറും ഭ്രമമാണ്. വാസ്തവത്തില്‍ ഭോക്താവും പരിത്യാഗിയുമാണ് താനെന്നുള്ള നാട്യമാണു ജീവാത്മാവിന്റെ യഥാര്‍ഥ വിപത്ത്. യോഗം, ജ്ഞാനസമ്പാദനം, തപസ്സ്, ത്യാഗം എന്നിവയെപ്പോലുള്ള ധാര്‍മികവും നന്മ നിറഞ്ഞതുമായ എല്ലാത്തരം പ്രവര്‍ത്തനങ്ങളും, അവ ഹൃദയത്തില്‍ ഭഗവാനിലേയ്‌ക്കുള്ള പ്രേമപൂര്‍വമായ ആകര്‍ഷത്തിന്റെ അഗ്നി തെളിയിക്കാന്‍ സഹായിക്കുന്നില്ലെങ്കില്‍ അവയൊക്കെ വൃഥാ വ്യായാമങ്ങളാണ്. ഭഗവദ്ഗീതയില്‍ ഭഗവാന്‍ പറയുന്നതുപോലെ “എല്ലാത്തരം യജ്ഞങ്ങളുടെയും തപോഅനുഷ്ഠാനങ്ങളുടെയും ആത്യന്തികഗുണഭോക്താവും എല്ലാ ലോകങ്ങളുടെയും ദേവന്മാരുടെയും പരമാധികാരിയും ജീവാത്മാക്കളുടെയെല്ലാം സഹായിയും അഭ്യുദയകാംക്ഷിയും ഞാനാണെന്നറിഞ്ഞ് എന്നില്‍ പൂര്‍ണാവബോധത്തോടെയിരിക്കുന്ന വ്യക്തി ഭൗതിക ദുരിതങ്ങളുടെ തീവ്രവേദനകളില്‍നിന്നു മുക്തനായി സമാധാനം അനുഭവിക്കുന്നു.”
















