അവിടെ നിന്നെഴുന്നേറ്റ് തന്റെ നേര്‍ക്കുപാഞ്ഞുവന്ന കുവലയാപീഡത്തിന്റെ കൊമ്പുകളെ ആന ജീവിച്ചിരിക്കെ തന്നെ ചുവടോടെ പറിച്ചെടുത്തു. കൊമ്പിന്റെ കടയ്‌ക്കലുണ്ടായിരുന്ന അമൂല്യമായ മുത്തുകളെ “ഇവകൊണ്ട് ഭംഗിയുള്ള ഒരു ഹാരമുണ്ടാക്കി രാധയ്‌ക്കുകൊടുക്കുക” എന്നുപറഞ്ഞ് ഒരു സുഹൃത്തിനെ ഏല്‍പ്പിച്ചു.കൊമ്പുകള്‍ പിഴുതെടുത്തതോടെ ആനയുടെ ജീവന്‍ പോയി.
321. പിഷുചാണൂരമുഷ്ടികഃ ചാണൂരന്‍, മുഷ്ടികന്‍ എന്നിവരെ പേക്ഷണം ചെയ്തവന്‍. (പേഷണം എന്ന വാക്കിന് അരയ്‌ക്കല്‍, പൊടിക്കല്‍, നശിപ്പിക്കല്‍, വധിക്കല്‍ എന്നീ അര്‍ഥങ്ങളുണ്ട്.)
കൃഷ്ണനെ മല്ലരംഗത്തെത്തുന്നതിനു മുന്‍പ് കൊല്ലാനാണ് കുവലയപീഡത്തെ നിറുത്തിയിരുന്നത്. മല്ലയുദ്ധരംഗത്ത് എത്തുകയാണെങ്കില്‍ അവിടെവച്ചു കൊല്ലാനായി കരുത്തരായ രണ്ടു മല്ലന്മാരെയും അവരുടെ അനുയായികളെയും ചുമതലപ്പെടുത്തിയിരുന്നു. കുവലയാപീഡത്തെകൊന്ന് അതിന്റെ കൊമ്പുകളുമായാണ് കൃഷ്ണനും രാമനും മല്ലരംഗത്തെത്തിയത്. എത്തിയ ഉടന്‍ അവര്‍ക്ക് കംസന്റെ മല്ലന്മാരെ നേരിടേണ്ടിവന്നു. ചാണൂരന്‍ കൃഷ്ണനെയും മുഷ്ടികന്‍ ബലരാമനെയും എതിര്‍ത്തു. ഭീകരാകാരന്മാരായ മല്ലന്മാര്‍ കുട്ടികളെ കൊന്നുകളയുമെന്ന് കാഴ്ചക്കാരില്‍ ചിലര്‍ ദുഃഖിച്ചു. ആളുകള്‍ക്ക് കണ്ടുരസിക്കാന്‍ അല്‍പസമയം കളിച്ചുകഴിഞ്ഞ് ഭഗവാന്‍ ചാണൂരനെ ഉയര്‍ത്തി ചുഴറ്റി. ആ വട്ടംചുറ്റലില്‍ ജീവന്‍പോയ അവന്റെ ശരീരത്തെ ഭൂമിയിലേക്ക് വലിച്ചെറിഞ്ഞു. ബലരാമന്‍ മുഷ്ടികനെ മുഷ്ടിപ്രഹരംകൊണ്ട് പേഷണം ചെയ്തു. ചാണൂരന്റെയും മുഷ്ടികന്റെയും അനുയായികള്‍ ഓടിരക്ഷപ്പെട്ടു.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്‍
















