ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ പന്ത്രണ്ടാമത് പ്രസിഡന്റായി മെമ്മ്നൂണ് ഹുസൈന് അധികാരമേറ്റു. പാക്കിസ്ഥാന് ചീഫ് ജസ്റ്റിസ് ഇഫ്ത്തിക്കര്‍ മുഹമ്മദ് ചൗധരിയാണ് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി , പ്രധാനമന്ത്രി നവാസ് ഷെരീഫ്, സൈനിക മേധവാവി ജനറല്‍ പര്‍വേസ് കയാനി, മുന്‍ പ്രധാനമന്ത്രിമാരായ യൂസഫ് റാസ ഗിലാനി, രാജാ പര്‍വേസ് അഷ്റഫ് തുടങ്ങിയവരും ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.
ബിസിനസ് രംഗത്ത് നിന്നാണ് മമ്മ് നൂണ് ഹുസൈന് രാഷ്ട്രീയരംഗത്തേക്ക് കടന്നത്. ആഗ്രയില്‍ ജനിച്ച ഹുസൈന് ഇന്ത്യ-പാക് വിഭജനത്തെത്തുടര്‍ന്നാണ് കുടുംബസമേതം കറാച്ചിയിലേക്ക് മാറിയത്. കറാച്ചിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ നിന്നാണ് അദ്ദേഹം ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 1999 ജൂണ്‍ 19 മുതല്‍ ഒക്ടോബര്‍ 12 വരെ സിന്ധിലെ ഗവര്‍ണ്ണറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നവാസ് ഷെരീഫുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവ് കൂടിയാണ് അദ്ദേഹം.
ആസിഫ് അലി സര്‍ദാരിയുടെ പ്രസിഡന്റ് കാലാവധി ഞായറാഴ്ച്ച പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് പസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച മമ്മ് നൂണ് ഹുസൈന് പാക് പ്രസിഡന്റായി ചുമതലയേറ്റത്. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി സ്ഥാനമൊഴിഞ്ഞ സര്‍ദാരി ഉടന്‍ പാക്കിസ്ഥാന് വിടുമെന്നാണ് റിപ്പോര്‍ട്ട്. താലിബാന് ഉള്‍പ്പെടെയുള്ള ഭീകരസംഘടനയില്‍ നിന്ന് വധഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സുരക്ഷാഭീഷണിയുള്ള സര്‍ദാരി പാക്കിസ്ഥാന് വിടുന്നത്. പാക്കിസ്ഥാന്റെ ചരിത്രത്തിലാദ്യമായാണ് ജനാധിപത്യപരമായി അധികാരത്തിലെത്തിയ പ്രസിഡന്റ് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്നത്.
















