അഗ്നിസാക്ഷിയായി സത്യം ചെയ്ത സുഗ്രീവന് ഒരു സംശയം- ബാലി അപാരശക്തിമാനാണ്. ശ്രീരാമനെക്കൊണ്ട് ബാലിയെ കൊല്ലാന്‍ കഴിയുമോ?രാമന് കേവലം ഒരു യുവാവ് മാത്രമല്ലേ.
പാലാഴി മഥന കാലത്ത് ഒരു വശത്ത് നിന്ന് കൊണ്ട് പാശമായ വാസുകിയെ വലിച്ചവനാണ് ബാലി. ആ ശക്തികൊണ്ട് മന്ഥരപര്‍വ്വതം പോലും താണുപോയി. രാവണനെ വാലില്‍ തൂക്കി കൊണ്ട് നാല് കരയിലും മാറി മാറി ചാടിയവനാണ് ബാലി. നേരിട്ട് നിന്ന് യുദ്ധം ചെയ്യുന്നവന്റെ പകുതി ശക്തി ബാലിയില്‍ ചെന്ന് ചേരുമത്രെ.
ദുന്ദുഭിയുടെ തല വലിച്ചെറിഞ്ഞപ്പോള്‍ തെറിച്ച് വീണ മതംഗാശ്രമത്തില്‍ മന്ഥറരമലപോലെ കിടക്കുന്നു, മാംസമെല്ലാം ദ്രവിച്ച് ഇപ്പോള്‍ അസ്ഥിക്കൂടം മാത്രമെ ഉള്ളൂ. എന്നിട്ടും 1000 ആനകളുടെ ശക്തികൊണ്ട് അതനക്കുവാന് സാധിച്ചിട്ടില്ല.
രാമന്റെ ചോദ്യത്തിന് ആ തല കിടക്കുന്ന സ്ഥലം രാമന് സുഗ്രീവന് കാണിച്ച് കൊടുത്തു. അവര്‍ അടുത്ത്പോയി ദുന്ദുഭിയുടെ ബ്രഹ്മാണ്ഡ ശിരോസ്ഥി കിടക്കുന്നത് നോക്കി. ഇനി ഈ അശുദ്ധമായ മസ്തകം ഇവിടെ വേണ്ട എന്ന് പറഞ്ഞ് ശ്രീരാമന് തന്റെ വാമപാദ അംഗുഷ്ടം കൊണ്ട് അതിനെ അനായാസേന തോണ്ടി മേല്പോട്ടറിഞ്ഞു. നോക്കിയാല്‍ നോക്കെത്താത്ത ദൂരത്തില്‍ ദക്ഷിണസമുദ്രത്തില്‍ പൊട്ടിത്തെറിച്ച ഒരു മലപോലെ വീണു. ഏവരും സ്തംഭിച്ച് നിന്ന് പോയി. ആദിത്യപുത്രന്റെ സംശയവും അസ്തമിച്ചു.
രഘുപതിയുടെ ബലത്തെ സംബന്ധിച്ച് ഒരു പരീക്ഷണം കൂടി നടത്തിയാല്‍ കൊള്ളാമെന്ന് ആദിത്യപുത്രന് ആശയമുദിച്ചു. അവിടെ ഏഴ് സാല വൃക്ഷങ്ങള്‍. ഒരു വൃത്തരേഖയില് എന്നപോലെ ഒന്നിനോടൊന്ന് തൊട്ടു നിന്നിരുന്നു. അവയെ കാണിച്ച് കൊടുത്ത് സുഗ്രീവന് പറഞ്ഞു. ഈ ഏഴ് മരങ്ങളും ബാലിക്ക് മല്പിടിത്തത്തിനായിരുന്നു. ബലപരീക്ഷണവും നടത്തി വന്നിരുന്നു. മല്പിടുത്തം കഴിഞ്ഞാല്‍ ആ മരങ്ങളില്‍ ഒരു ഇലപോലും ബാക്കിയുണ്ടാവില്ല. ആ ഏഴ് വൃക്ഷങ്ങളേയും ഒരു അമ്പിനാല്‍ മുറിക്കുന്നവന് ബാലിയെ വധിക്കാന്‍ പ്രാപ്തനാവും എന്നാണ്
മുനികളുടെ പ്രവചനം.
സുഗ്രീവന്റെ ആശയം ശ്രീരാമന് ഗ്രഹിച്ച് ഒന്ന് മന്ദഹസിച്ചു. അസുര ശില്പിയായ മയനില്‍ നിന്ന്, മായാവിദ്യ മണി ഭദ്രന്, കവിക എന്ന് ദമ്പതികള്‍ക്ക് ജനിച്ച ഏഴ് പുത്രന്മാര്, മായാ വിദ്യകള്‍ അഭ്യസിച്ചു. ഒരിക്കല്‍ പുത്രന്മാര് വിനോദാര്‍ത്ഥം ഒരു മായാ സര്‍പ്പത്തെ സൃഷ്ടിച്ച് അതിനെ വാഹനമാക്കി ലോക സഞ്ചാരം നടത്തി. സഞ്ചാരമദ്ധ്യേ കുംഭസംഭവനായ അഗസ്ത്യമുനി വരുന്നത് കണ്ട് വാഹനമായ ഉരഗത്തെ ഭൂമിക്കടിയില്‍ വൃത്താവളയമായി ഒളിച്ച് അതിന്റെ മുകളില്‍ ഏഴ് കൂറ്റന്‍ സാലമരങ്ങളായി അവര്‍ രൂപം കൊണ്ട് നിന്നു. മഹര്‍ഷി നടന്ന് വന്ന് അവരുടെ ഇടയില്‍ കുടുങ്ങി. ഭഗവാന് മഹര്‍ഷി നോക്കി കാര്യം മനസ്സിലായി. എന്നെന്നും ഇങ്ങനെ നില്ക്കാന് ഇടവരട്ടെ എന്ന് ശപിച്ചു. ഭഗവാന് ശ്രീരാമചന്ദ്രന് അനവധി ശതവര്‍ഷങ്ങള്‍ക്ക് ശേഷം ഈ വഴിക്ക് വരുമ്പോള്‍ നിങ്ങള്‍ക്ക് ശാപമോക്ഷം തരും ഭഗവാന് രഹസ്യവൃത്താന്തം ദിവ്യജ്ഞാനത്താല്‍ അറിഞ്ഞു.
ഒരുബാണമെടുത്ത് ദശരഥനന്ദനന്‍ സര്‍വ്വ ആളുകളും നോക്കി നില്‍ക്കേ ഭൂമിക്കടിയിലേക്ക് അത്ഭുതശക്തിയോടെ തൊടുത്ത് വിട്ടു. ഭൂഗര്ഭത്തിലെത്തി മേല്പോട്ട് ഉയര്‍ന്ന് സപ്തമഹാസാലങ്ങളെയും ഭേദിച്ച് നിലത്തിട്ടതിന് ശേഷം തിരിച്ച് രാമ രുണീരത്തില് വന്ന് അഭിസ്ഥിതമായി. ഭയ വിഭ്രമ വിസ്മയങ്ങളോടെ ഏവരും ഈ കാഴ്ച കണ്ടു.
ബാണം ഭൂഗര്ഭത്തിലെത്തി മായാ സര്‍പ്പത്തിന്റെ മസ്തകം ഭേദിച്ചപ്പോള്‍ അത് നിവരുകയും വൃക്ഷങ്ങള്‍ ഒരേ വരിയില്‍ ആയി തീരുകയും ബാണം നേരെ ചെന്ന് അവയെ മുറിക്കുകയും ചെയ്തു ഒരു നിമിഷം കൊണ്ട് എല്ലാം കഴിഞ്ഞു.
രാമന്റെ മേലുള്ള സുഗ്രീവന്റെ പരീക്ഷണം എത്ര മോശമായി എന്ന് ധരിച്ച് ഭക്തോത്തമനായ ഹനുമാന് രാമ നാമം ജപിച്ച് കൊണ്ട് കമിഴ്ന്ന് കിടന്നു. ആഞ്ജനേയന്റെ കണ്ഠം നിരുദ്ധമായി.
(തുടരും)
സ്വല്പം രാമായണ ചിന്ത-25
വെങ്കട്ടരാമന് സ്വാമി
(ആദ്ധ്യാത്മിക വിജ്ഞാനസദസ്സ്,പാലക്കാട്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: