ചങ്ങനാശേരി: വാഴൂര്‍റോഡിലുള്ള ഒന്നാം നമ്പര്‍ സ്വകാര്യബസ് സ്റ്റാന്‍ഡിലെ പോലീസ് എയ്ഡ്‌പോസ്റ്റ് അപകടാവസ്ഥയില്‍. എതുസമയത്തും നിലപൊത്താവുന്ന രീതിയില്‍ നില്‍ക്കുന്ന ഈ കെട്ടിടത്തില്‍ പ്രവേശിക്കാന്‍ പോലും പോലീസുകാര്‍ മടിക്കുകയാണ്. സ്റ്റാന്‍ഡില്‍ ഡ്യൂട്ടിയിലുള്ള പോലീസുകാരാകട്ടെ ഇതില്‍ കയറാന്‍ ഭയക്കുകയാണ്. പോലീസുകാര്‍ എയ്ഡ്‌പോസ്റ്റില്‍ കയറാതായതോടെ ഇതിനുള്ളില്‍ മാലിന്യം നിറഞ്ഞിട്ടുണ്ട്. ഉപയോഗശൂന്യമായ കടലാസുകളും മറ്റും കൊണ്ട് ഈ മുറി നിറഞ്ഞു കഴിഞ്ഞു. ദിനംപ്രതി നൂറുകണക്കിന് സ്വകാര്യബസ്സുകള്‍ കയറിയിറങ്ങുന്ന ഇവിടെ പോലീസുകാര്‍ ഡ്യൂട്ടിക്കില്ലാത്ത ദിവസങ്ങളില്‍ സാമൂഹിക വിരുദ്ധരുടെ അഴഞ്ഞാട്ടം രൂക്ഷമാണെന്നും പരാതിയുണ്ട്. പോലീസുകാരുടെ ഈ വിശ്രമമുറി ഇപ്പോള്‍ കൊതുകുകളുടെ ആവാസകേന്ദ്രമായി മാറിയിട്ടുെണ്ടന്ന് ഇവിടെ ഡ്യൂട്ടിക്കെത്തുന്നവരില്‍ ചിലര്‍ തന്നെ വ്യക്തമാക്കുന്നു.
















