വാഷിംഗ്ടണ്‍: ചൊവ്വയെക്കുറിച്ച് പഠിക്കാന്‍ നാസ അയച്ച ക്യൂരിയോസിറ്റി ഒരിടവേളക്ക് ശേഷം വീണ്ടും പ്രവര്‍ത്തനസജ്ജമാകുന്നു. സൗരകേന്ദ്രീകൃതമായ ചില തടസ്സങ്ങളാല്‍ കഴിഞ്ഞ രണ്ടാഴ്ചയായി ക്യൂരിയോസിറ്റിയും ഭൂമിയും തമ്മിലുള്ള ബന്ധം വിഛേദിക്കപ്പെട്ടിരുന്നു. ഭൂമിയുമായുള്ള വീക്ഷണകോണ്‍ മാറി ചൊവ്വ സൂര്യന് പിന്നിലേക്ക് മാറിയതിനാലാണ് ക്യൂരിയോസിറ്റിക്ക് ഭൂമിയുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. മാര്‍സ് സോളാര്‍ കണ്‍ജങ്ക്ഷന്‍ എന്നറിയപ്പെടുന്ന ഈ പ്രതിഭാസം വഴി സൂര്യന് രണ്ട് ഗ്രഹങ്ങള്‍ തമ്മിലുള്ള ബന്ധം തടസ്സപ്പെടുത്താന്‍ കഴിയും. ഇതുമൂലം ക്യൂരിയോസിറ്റി ഭൂമിയിലേക്ക് സന്ദേശമയക്കുന്നത് താത്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. എന്തായാലും അന്തരീക്ഷം മാറിയതോടെ ചൊവ്വയും ഭൂമിയും തമ്മിലുള്ള ബന്ധം പുന: സ്ഥാപിക്കപ്പെട്ടു. ഇതോടെ ക്യൂരിയോസിറ്റി തന്റെ ദൗത്യം തുടങ്ങിയ കാര്യം ഭൂമിയിലെ യജമാനന്‍മാരെ അറിയിച്ചിട്ടുണ്ട്. ക്യൂരിയോസിറ്റിക്ക് വേണ്ടി നാസ അധികൃതര്‍ ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു- നിങ്ങള്‍ക്കെന്നെ കേള്‍ക്കാന്‍ കഴിയുന്നില്ലേ..തടസ്സങ്ങള്‍നീങ്ങിയിരിക്കുന്നു. എനിക്കിപ്പോള്‍ ഭൂമിയെ വ്യക്തമായി കാണാന്‍ കഴിയും. ഞാന്‍ എന്റെ ജോലി വീണ്ടും തുടങ്ങിക്കഴിഞ്ഞു.
കഴിഞ്ഞ ആഗസ്തിലാണ് ചൊവ്വയുടെ വിസ്തൃതമായ ഉപരിതലത്തില്‍ പര്യവേഷണത്തിനായി നാസയുടെ ക്യൂരിയോസിറ്റി റോവര്‍ ഇറങ്ങിയത്. ചൊവ്വയില്‍ ജീവന് അനുയോജ്യമായ ഘടകങ്ങളുണ്ടോ എന്നാണ് ക്യൂരിയോസിറ്റി പ്രധാനമായും പരിശോധിച്ചുവരുന്നത്. കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൊവ്വയില്‍ ജീവന് അനുയോജ്യമായ സാഹചര്യങ്ങളുണ്ടായിരുന്നു എന്ന വാദം ഉറപ്പിക്കുന്ന തെളിവുകളാണ് ക്യൂരിയോസിറ്റി നാസക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്.
















