വിക് ആന്‍ സീ: ചെസ്സിലെ വിംബിള്‍ഡന്‍ എന്നറിയപ്പെടുന്നതാണ് ടാറ്റാ സ്റ്റീല്‍ ചെസ്.ചരിത്രമേറെ അവകാശപ്പെടാവുന്ന ചെസ് ടൂര്‍ണ്ണമെന്റ്. ടാറ്റ എന്ന ബിസിനസ് ഗ്രൂപ്പ് വ്യത്യസ്തമാണെന്ന തോന്നലുണര്‍ത്തുന്ന ഒരു നീക്കം. 1938ല്‍ ഇജ് മോണ്ട് എന്ന നെതര്‍ലാന്റ്സിലെ ചെറിയ ഒരു സ്ഥലത്തേക്ക് ലോകത്തെ മുഴുവന്‍ മികച്ച താരങ്ങളേയും അണിനിരത്തി നടത്തിയ ടൂര്‍ണ്ണമെന്റ്. 87 വര്‍ഷങ്ങള്‍ക്ക് ശേഷവും ടാറ്റാ സ്റ്റീല്‍ ചെസ് അതിന്റെ ജൈത്രയാത്ര തുടരുന്നു എന്നത് ഒരു കോര്‍പറേറ്റ് കമ്പനി എന്നാല്‍ സംസ്കാരത്തെക്കൂടി മുന്നോട്ട് നയിക്കുന്ന ഒന്നായിരിക്കണം എന്ന ബോധം ടാറ്റയ്ക്കുള്ളതിനാലാണ് സാധ്യമായത്. ഇന്ന് ടാറ്റയുടെ മാത്രമല്ല, ഇന്ത്യയുടെ തന്നെ യശസ്സുയര്‍ത്തുന്ന ടൂര്‍ണ്ണമെന്റാണ് ടാറ്റാ സ്റ്റീല്‍ ചെസ്. സമ്മാനത്തുകയിലും വലിയ ആകര്‍ഷണം നല്കുന്ന ചെസ് പോരാട്ടാം. അതുകൊണ്ടും കൂടിയാണ് ചെസ്സിലെ വിംബിള്ഡണായി അറിയപ്പെടുന്നത്.
ഇക്കുറി ചാമ്പ്യന്‍ പട്ടത്തിന് വേണ്ടി പോരാടുന്നത് കുട്ടിക്കാലം മുതലേ ചെസ് ഒന്നിച്ച് കളിച്ച് വളര്‍ന്ന ഗുകേഷും പ്രജ്ഞാനന്ദയും. ചെസ്സിന് ആരംഭംകുറിച്ച ഭാരതത്തിലേക്ക് തന്നെ ചെസ്സിന്റെ മഹിമ തിരിച്ചെത്തുകയാണ്. ലോക ചാമ്പ്യന്‍ ഇന്ത്യക്കാരന്. ഇപ്പോഴിതാ ടാറ്റാ സ്റ്റീല്‍ ചെസ്സില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ക്കായി പോരാടുന്നതും ഇന്ത്യക്കാര്‍. അതും 18ും 19ഉം പ്രായമുള്ള രണ്ട് ചുണക്കുട്ടിക്കള്‍. ഇവര്‍ ഇനി അടുത്ത 15 വര്‍ഷമെങ്കിലും ചെസ് ലോകം ഭരിക്കേണ്ടവര്‍. വരുന്നുണ്ട് വേറെയും ചുണക്കുട്ടികള്‍ വേറെ. നിഹാല്‍ സരിന്, റോണക് സാധ്വാനി, പരിമര്‍ജന്‍ നേഗി, വിദിത് ഗുജറാത്തി, പെന്റല ഹരികൃഷ്ണ, കാര്ത്തികേയന് മുരളി, ലിയോണ്‍ ല്യൂക് മെന്ഡോര്ക, പ്രണവ്, ആദിത്യ മിത്തല്‍…തുടങ്ങി എത്രയോ പേര്. ചെസ്സില്‍ ഇനി വരാനിരിക്കുന്നത് ഗുകേഷ് യുഗമോ അതോ പ്രജ്ഞാനന്ദ യുഗമോ എന്നതിനേക്കാള്‍ ഉറപ്പായും പറയാവുന്നത് ഇതാണ്- ചെസില്‍ ഇനി ഭാരതത്തിന്റെ യുഗമാണ്.
ലോക ചാമ്പ്യന്‍ പട്ടം അണിഞ്ഞ ശേഷം ഗുകേഷ് പങ്കെടുക്കുന്ന ആദ്യ ടൂര്‍ണ്ണമെന്റില്‍ കിരീടം എന്നതില്‍ കുറഞ്ഞ ഒരു ലക്ഷ്യവും ഗുകേഷിനില്ല. പ്രജ്ഞാനന്ദയാകട്ടെ ചെസ് ബുക്കില്‍ ഇല്ലാത്ത കരുനീക്കങ്ങളുമായി ടാറ്റാ സ്റ്റീല്‍ ചെസ്സില്‍ ലോകോത്തര ഗ്രാന്റ്മാസ്റ്റര്‍മാരെ അട്ടിമറിച്ച് മുന്നേറുകയാണ്. 12 റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ രണ്ടു പേര്‍ക്കും എട്ടര പോയിന്റ് വീതം ആണുള്ളത്. അഞ്ചു വയസ്സുമുതലേ ചെന്നൈയിലെ വേലമ്മാല് സ്കൂളില്‍ ആരംഭിച്ച ചെസ് സൗഹൃദമാണ് ഇരുവരുടേതും. ആരാണ് മികച്ച കളിക്കാരന് എന്ന് പ്രവചിക്കുക ദുഷ്കരം. പൊതുവേ ക്ഷമ ഏറെ ആവശ്യപ്പെടുന്ന ക്ലാസിക്കല്‍ ചെസില്‍ ഗുകേഷാണ് മികച്ചതെങ്കില്‍ അതിവേഗക്കരുനീക്കങ്ങളുടെ റാപ്പിഡ് ചെസ്സില്‍ പ്രജ്ഞാനന്ദയാണ് മിടുക്കന്.
ഒന്നാം സ്ഥാനക്കാരനും രണ്ടാം സ്ഥാനക്കാരനും പ്രൈസ് മണി സുലഭമാണ്. ടാറ്റാ സ്റ്റീല്‍ ചെസില്‍ ഒന്നാം സ്ഥാനക്കാരന് 15 ലക്ഷം ഡോളര്‍ (ഏകദേശം 13 കോടി രൂപ) ആണ് സമ്മാനത്തുക ലഭിക്കുക. രണ്ടാം സ്ഥാനക്കാരന് 10 ലക്ഷം ഡോളര്‍ (ഏകദേശം 8.66 കോടി രൂപ ലഭിക്കും. പക്ഷെ ഇരുവര്‍ക്കും പ്രസ്റ്റീജ് തന്നെയാണ് പ്രശ്നം. ഒന്നാമനാവുക എന്നതില്‍ വിട്ടുവീഴ്ചയില്ല.
അവസാന റൗണ്ടായ 13ാം റൗണ്ടിലെ മത്സരം ഞായറാഴ്ചയാണ്. പ്രജ്ഞാനന്ദ ജര്‍മ്മനിയിലെ വിന്‍സെന്റ് കെയ്മറുമായി ഏറ്റുമുട്ടുമ്പോള്‍ ഗുകേഷ് ഇന്ത്യക്കാരനും റേറ്റിംഗില്‍ ഗുകേഷിനേക്കാള്‍ ഒരു ചുവടുമുന്നില്‍ നില്ക്കുന്ന, പക്ഷെ ഈ ടൂര്‍ണ്ണമെന്റില്‍ 12ാം റൗണ്ടില്‍ മാത്രം താളം കണ്ടെത്തിയ താരമാണ്- അര്ജുന് എരിഗെയ്സി. പ്രജ്ഞാനന്ദയ്ക്കും ഗുകേഷിനും ശരിക്കും അഗ്നിപരീക്ഷ തന്നെയാണ് 13ാം റൗണ്ട്. അര്ജുന് എരിഗെയ്സി ഗുകേഷിനെതിരെ എല്ലാ കളികളും പുറത്തെടുക്കും. കാരണം ഗുകേഷില്‍ നിന്നും തോല്‍വി പിണഞ്ഞാല്‍ അര്ജുന് എരിഗെയ്സിയുടെ റാങ്ക് നഷ്ടപ്പെടും. ഇപ്പോള്‍ ലോകറാങ്കിങ്ങില്‍ നാലാമനാണ് അര്ജുന് എരിഗെയ്സി. ഗുകേഷ് അഞ്ചാമനും. 2801 ആണ് അര്ജുന് എരിഗെയ്സിയുടെ റേറ്റിംഗ് എങ്കില്‍ 2777 ആണ് ഗുകേഷിന്റെ റേറ്റിംഗ്. ഗുകേഷ് ഈ മത്സരത്തില്‍ വിജയിച്ചാല്‍ ഗുകേഷിന്റെ റേറ്റിംഗ് 2800ന് മുകളിലാകും. ഗുകേഷ് മൂന്നാം റാങ്കിലേക്ക് ഉയരുകയും ചെയ്യും. അതുകൊണ്ട് തന്നെ ഈ മത്സരത്തില്‍ രണ്ടു പേര്‍ക്കും ജയം അനിവാര്യമാണ്.
ടാറ്റാ സ്റ്റീല്‍ ചെസില്‍ തോല്‍വികളും സമനിലകളും ഏറ്റുവാങ്ങി ഫോം നഷ്ടപ്പെട്ട നിലയിലായിരുന്നു അര്ജുന് എരിഗെയ്സി ഇതുവരെ. പക്ഷെ ശനിയാഴ്ച നടന്ന 12ാം റൗണ്ടില്‍ മികച്ച ഫോമിലേക്കുയര്‍ന്ന അര്ജുന് എരിഗെയ്സിയെയാണ് കണ്ടത്. 11ാം റൗണ്ട് വരെ കിരീടമോഹങ്ങളുമായി ഏഴര പോയിന്റോടെ നിലകൊണ്ടിരുന്ന ഉസ്ബെക്കിസ്ഥാന്റെ നോഡിര്‍ബെക് അബ്ദുസത്തൊറോവിന്റെ സ്വപ്നങ്ങളെയാണ് അര്ജുന് എരിഗെയ്സി കരിച്ചുകളഞ്ഞത്. മികച്ച വിജയം നേടിയതോടെ നഷ്ടപ്പെട്ട ആത്മവിശ്വാസം തിരിച്ചുപിടിച്ച നിലയിലാണ് അര്ജുന് എരിഗെയ്സി. അതുകൊണ്ട് തന്നെ ഗുകേഷും അര്ജുന് എരിഗെയ്സിയും തമ്മില്‍ ഒരു തീപാറും പോരാട്ടം 13ാം റൗണ്ടില്‍ പ്രതീക്ഷിക്കാം. അര്ജുന് എരിഗെയ്സി വിജയം കൊയ്താല്‍ പ്രജ്ഞാനന്ദയ്ക്ക് ഒരു സമനില കിട്ടിയാല്‍ പോലും ടാറ്റാ സ്റ്റീല്‍ ചെസ് ചാമ്പ്യനാകാം.
13ാം റൗണ്ടില്‍ പ്രജ്ഞാനന്ദയ്ക്കും കടുത്ത അഗ്നിപരീക്ഷയാണ്. ജര്‍മ്മനിയുടെ വിന്‍സെന്റ് കെയ്മറെയാണ് പ്രജ്ഞാനന്ദ നേരിടേണ്ടത്. വെറും അഞ്ച് പോയിന്റോടെ ഒമ്പതാം സ്ഥാനത്താണ് കെയ്മര്‍ എങ്കിലും തള്ളിക്കളയാന്‍ പറ്റാത്ത എതിരാളിയാണ്. പലപ്പോഴും പ്രജ്ഞാനന്ദയെ തോല്പിച്ച താരമാണ്. ബിയെല്‍ ചെസില്‍ ഉള്‍പ്പെടെ പ്രജ്ഞാനന്ദയെ തോല്പിച്ച താരമാണ്. പക്ഷെ ടാറ്റാ സ്റ്റീല്ചെസില് ഇതുവരെ കണ്ടത് വന്യഭാവത്തിലുള്ള പ്രജ്ഞാനന്ദയെയാണ്. അസാധാരണ കരുനീക്കങ്ങളിലൂടെ എതിരാളികളെ തോല്പിച്ച് അമ്പരപ്പിക്കുകയാണ് പ്രജ്ഞാനന്ദ. ഒരു വല്ലാത്ത ആക്രമണോത്സുകതയ്ക്ക് മുന്പില് പകച്ചു നില്‍ക്കുകയാണ് താരങ്ങള്‍. പരിചയസമ്പന്നനായ വ്ളാഡിമിര്‍ ഫെഡോസീവിനെയും സരാനയെയും ലോക മൂന്നാം നമ്പര്‍ താരമായ ഫാബിയാനോ കരുവാനയെയും അത്യപൂര്‍വ്വ നീക്കങ്ങളിലൂടെയാണ് പ്രജ്ഞാനന്ദ തറപറ്റിച്ചത്. അതിനാല്‍ കെയ്മറെയും വീഴ്ത്തും എന്നാണ് പ്രതീക്ഷ. എന്തായാലും ഇന്നത്തെ നിലയില്‍ പ്രജ്ഞാനന്ദയ്ക്കാണ് കൂടുതല്‍ സാധ്യത കല്പിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: