തൃശൂര്‍: കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍,എ സോണ്‍ കലോത്സവത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി.സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ വീഴ്ച പറ്റി എന്ന് ആരോപിച്ച് ചേര്‍പ്പ് സിഐ കെ.ഒ പ്രദീപിനെ സസ്പെന്‍ഡ് ചെയ്തു.
എസ്എഫ്ഐ -കെഎസ് യു സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ വീഴ്ച പറ്റി എന്ന് ആരോപിച്ചാണ് സസ്പന്ഷന്. എന്നാല്‍ സിഐയെ സസ്പെന്‍ഡ് ചെയ്തതില്‍ സേനയ്ക്കുള്ളില്‍ കടുത്ത അമര്‍ഷമുണ്ട്. എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്ത മണ്ണാര്‍ക്കാട് എസ് ഐ അജാസുദിനെ ടൗണ്‍ നോര്‍ത്തിലേക്ക് സ്ഥലം മാറ്റി.
തൃശൂരില്‍ കലോത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷം നിയന്ത്രിക്കുന്നതിലും തുടര്‍സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിലും പൊലീസിന് ഗുരുതര വീഴ്ച ഉണ്ടായെന്ന ആരോപണമുണ്ട്. കെഎസ്യു പ്രവര്‍ത്തകരെ പൊലീസ് തന്നെ ആംബുലന്‍സില്‍ കയറ്റി വിട്ടതും വിവാദമായിരുന്നു.പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റാനാണ് ആംബുലന്‍സ് എത്തിച്ചതെന്ന് എസ്എച്ച്ഒ വിശദീകരിച്ചെങ്കിലും ആംബുലന്‍സിന് ഉള്ളില്‍ വച്ച് കെഎസ്യു പ്രവര്‍ത്തകര്‍ സെല്‍ഫിയെടുത്തത് വിനയായി. ഇതാണ് ചേര്‍പ്പ് സിഐ പ്രദീപിനെ സസ്പെന്‍ഡ് ചെയ്യാന്‍ കാരണം.
അതേസമയം സസ്പന്ഷനില് സേനയ്ക്കുള്ളില്‍ അമര്‍ഷം പുകയുകയാണ്. ക്രമസമാധാന ചുമതലയുള്ള മാള എസ്എച്ച്ഒയെ സംരക്ഷിക്കാനാണ്, സ്പെഷ്യല്‍ ഡ്യൂട്ടിക്ക് എത്തിയ ചേര്‍പ്പ് എസ് എച്ച് ഒക്ക് എതിരായ നടപടി എന്നാണ് വിമര്‍ശനം.ഭരണകക്ഷി യൂണിയനില്‍ സ്വാധീനമുള്ള മാള എസ്എച്ച്ഒ ആറു വര്‍ഷമായി സ്ഥലം മാറ്റമില്ലാതെ തുടരുന്നതും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
എ സോണ്‍ കലോത്സവം നടന്ന മണ്ണാര്‍ക്കാട,് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പൊലീസിനെ മര്‍ദ്ദിച്ചെന്ന എസ്ഐയുടെ പരാതിയില്‍ 30 എസ്എഫ്ഐക്കാര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെ എസ് ഐ അജാസുദ്ദീനെതിരെ സിപിഎം ജില്ലാ സെക്രട്ടറി രംഗത്തുവരികയും ചെയ്തു.എസ് ഐ യെ ടൗണ്‍ നോര്‍ത്തിലേയ്ക്ക് സ്ഥലം മാറ്റിയാണ് ഇപ്പോള്‍ ഉത്തരവിറങ്ങിയിരിക്കുന്നത്. സ്ഥലംമാറ്റം സ്വാഭാവിക നടപടി എന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: