മണ്ണഞ്ചേരി: മാരാരിക്കുളത്ത് കോണ്‍ഗ്രസ് പിളര്‍പ്പിന്റെ വക്കില്‍. പുതിയ ബ്ലോക്ക് കമ്മിറ്റി നിലവില്‍ വന്നതോടെ ഒഴിവാക്കപ്പെട്ട നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടി വിടുമെന്ന് സൂചന. പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനുള്ള തിരക്കിട്ട ശ്രമങ്ങള്‍ സംസ്ഥാന നേതൃത്വം ഇടപെട്ട് നടത്തുന്നുണ്ടെങ്കിലും ഫലം കണ്ടില്ല. പ്രശ്ന പരിഹാരത്തിനായി കെ.സി. ജോസഫ്, കെ.പി.ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു. മാരാരിക്കുളത്തെ പ്രശ്നങ്ങള്‍ 16 ന് ചര്‍ച്ച ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളതെന്നാണ് സൂചന.
എന്നാല്‍ മാരാരിക്കുളം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പുനസംഘടനയുമായി ബന്ധപ്പെട്ട് വന്ന വാര്ത്തക ള്‍ വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന് മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും മുന്‍ കെപിസിസി എക്സിക്യൂട്ടീവ് അംഗവുമായ കെ.വി. മേഘനാദന് പറഞ്ഞു.
പുനഃസംഘടനയുമായി ബന്ധപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറിയും എംപിയുമായ കെ.സി വേണുഗോപാലിന്റെ പേര് വലിച്ചിഴച്ചത് ശരിയല്ല. ഗ്രൂപ്പ് അടിസ്ഥാനത്തിലല്ല പുനഃസംഘടന നടന്നത്. എന്നാല്‍ രമേശ് ചെന്നിത്തല വിഭാഗം നേതൃത്വം നല്കുന്ന ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി കെ.സി.വേണുഗോപാലിനെ അംഗീകരിക്കാന്‍ തയ്യാറല്ല. ഉമ്മന്‍ ചാണ്ടി അനുസ്മരണവുമായി ബന്ധപ്പെട്ട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഇറക്കിയ നോട്ടീസില്‍ നിന്ന് മണ്ഡലത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവും കെപിസിസി സെക്രട്ടറിയുമായ ഡി. സുഗതനടക്കമുള്ളവരെ ഒഴിവാക്കി ഇറക്കിയ നോട്ടീസ് പിന്‍വലിച്ച് ഇവരെയും ഉള്‍പ്പെടുത്തി നോട്ടീസ് തയ്യാറാക്കണമെന്ന് കെ.സി.വേണുഗോപാല്‍ നേരിട്ട് ആവശ്യപ്പെട്ടിട്ടും ബ്ലോക്ക് നേതൃത്വം അംഗീകരിച്ചില്ല. ഇവരെ ഒഴിവാക്കിയാണ് ഉമ്മന്‍ ചാണ്ടി അനുസ്മരണം പോലും സംഘടിപ്പിച്ചത്.
പിന്നീട് മാരാരിക്കുളത്ത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഒരു പരിപാടികളിലും കെ.സി.വേണുഗോപാല്‍ പങ്കെടുത്തിട്ടില്ല. തിരിച്ചും കെ.സി.വേണുഗോപാല്‍ എത്തുന്ന പരിപാടികളില്‍ നിന്ന് രമേശ് ചെന്നിത്തല വിഭാഗവും വിട്ടു നില്‍ക്കുകയാണ് ചെയ്യുന്നത്. വിവിധ പരിപാടികളില്‍ ഈ വിഭാഗിയത പ്രവര്‍ത്തകര്‍ക്കിടെ ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കുകയാണ്. പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ മറ്റു വഴികള്‍ നോക്കുമെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: