ന്യൂദല്‍ഹി: സാധാരണക്കാരുടെ ഇന്ത്യയുമായി അഗാധബന്ധം സ്ഥാപിക്കാനുള്ള കഴിവ് മോദിയ്ക്കുണ്ടെന്നും മോദി സാധാരണക്കാരുടെ പ്രതിനിധിയാണെന്നും ആഗോളപ്രശസ്തനായ മാധ്യമപ്രവര്ത്തകന് ഫരീദ് സക്കറിയ. സിഎന്‍എന്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ ഭൗമരാഷ്ട്രീയം എന്ന വിഷയം കൈകാര്യം ചെയ്യുന്ന മാധ്യമപ്രവര്‍ത്തകനാണ് ഫരീദ് സക്കറിയ. മോദിയുടെ ജീനിയസിനെക്കുറിച്ച് ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
“മോദിക്ക് മുന്‍പുള്ള പ്രധാനമന്ത്രിമാര്‍ എല്ലാം ഏതെങ്കിലും തരത്തിലുള്ള പൈതൃകത്തിന്റെ പിന്‍ബലത്തില്‍ എത്തിയവരാണ്. ഒന്നുകില്‍ വിദേശസര്‍വ്വകലാശാലകളില്‍ നേടിയ വിദ്യാഭ്യാസത്തിന്റെ പിന്‍ബലമോ, അതല്ലെങ്കില്‍ ജനിച്ച വീടിന്റെ മഹിതപാരമ്പര്യം ഉയര്‍ത്തിക്കാട്ടിയോ ഒക്കെ പ്രധാനമന്ത്രിപദത്തില്‍ വന്നവരാണ്. എന്നാല്‍ മോദി ഇതിന് പുറത്ത് നിന്നും വന്ന ആളാണ്. ഭൂരിഭാഗം ഇന്ത്യക്കാരെയും പോലെ. ഒരു സാധാരണക്കാരന്. പ്രത്യേകിച്ച് മഹിതപൈതൃകങ്ങളൊന്നും അവകാശപ്പെടാനില്ലാതെ സാധാരണ ചുറ്റുപാടുകളില്‍ നിന്നു വന്നവരാണ് സാധാരണക്കാരായ ഭൂരിഭാഗം ഇന്ത്യക്കാരും. അതുകൊണ്ടാകാം, സാധാരണക്കാരുടെ ഇന്ത്യയുമായി തീവ്രമായ, അഗാധമായ ബന്ധം സ്ഥാപിക്കാനുള്ള കഴിവ് മോദിക്കുണ്ട്.” – മാധ്യമപ്രവര്ത്തകന് ഫരീദ് സക്കറിയ പറയുന്നു.
“ഒരേ സമയം പാരമ്പര്യപ്പെരുമകള്ക്ക് പുറത്ത് നില്ക്കുന്ന ആളെന്ന് പറയുമ്പോള്‍ തന്നെ സാധാരണക്കാരുടെ ഇടയിലുള്ള ഒരാളായും നില്‍ക്കുന്നതാണ് മോദിയുടെ വ്യക്തിത്വത്തിന്റെ പ്രത്യേകത. അദ്ദേഹം പ്രധാനമന്ത്രിയാണ്. അതുകൊണ്ട് തന്നെ ചെയ്തു തീര്‍ത്ത നേട്ടങ്ങളുടെ പട്ടിക നിരത്തുകയും ചെയ്യും. പക്ഷെ അദ്ദേഹം താന്‍ പാരമ്പര്യത്തിന്റെ മഹിമ അവകാശപ്പെടുന്നവരുടെ (ഗാന്ധി കുടുംബം പോലെ) ഇന്ത്യയില്‍ നിന്നും വരുന്നവനല്ലെന്ന് നിങ്ങളെ ഓര്‍മ്മിപ്പിക്കും. അദ്ദേഹം ഗാന്ധി-നെഹ്രു കുടുംബത്തില്‍ നിന്നും വരുന്ന ആളല്ല. പകരം അദ്ദേഹം ചായയുണ്ടാക്കുന്നവന്റെ പശ്ചാത്തലത്തില്‍ നിന്നും വരുന്ന ആളാണ്.” – ഫരീദ് സക്കറിയ പറയുന്നു.
“അതായത് ഒരേ സമയം പുറത്തും ഉള്ളിലും നില്ക്കാന് സാധിക്കുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത് എന്നര്‍ത്ഥം. ഇങ്ങിനെ നില്ക്കാന് കഴിയുക എന്നത് അസാധാരണമായ ഒരു കഴിവാണ്. ആ കഴിവാണ് മോദിയുടെ കരുത്ത്.” – ഫരീദ് സക്കറിയ പറഞ്ഞു.
“അതിസമര്‍ത്ഥനായ രാഷ്ട്രീയക്കാരനാണ് മോദി. അദ്ദേഹത്തിന് മാധ്യമങ്ങളെ മുഴുവന്‍ തന്റെ വ്യക്തിത്വം കൊണ്ട് മൂടാന്‍ സാധിച്ചു. തന്റെ പൊതുജനസ്വീകാര്യത മിടുക്കോടെ ഉയര്‍ത്തിക്കാട്ടാനുള്ള കഴിവും അദ്ദേഹത്തിനുണ്ട്. വാക്സിന് നല്കുമ്പോള് അതില്‍ മോദിയുടെ ഒരു ഫോട്ടോയും കൊണ്ടുവരുന്നു. സര്‍ക്കാരില്‍ നിന്നും എന്ത് നേട്ടവും നിങ്ങള്‍ക്ക് ലഭിക്കുമ്പോള്‍ അതില്‍ മോദിയുടെ ഒരു ഫോട്ടോയും ഉണ്ടാകും. ഇതാണ് മോദിയുടെ ജീനിയസ്.” – ഫരീദ് സക്കറിയ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: