ദല്‍ഹി ഹൈക്കോടതിയിലെ ജഡ്ജിയായ യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ ഉണ്ടായ തീപിടുത്തത്തിനിടയില്‍ നോട്ടു കെട്ടുകള്‍ കണ്ടെത്തിയ സംഭവവും അതേ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും ചൂടുപിടിക്കുമ്പോള്‍ ഒരു ഇടവേളക്ക് ശേഷം വീണ്ടും കൊളീജിയം സംവിധാനവും അതിലെ സുതാര്യതയില്ലായ്മയും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നു. ‘ ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന് ഉണ്ടായിരുന്നെങ്കില്‍ യശ്വന്ത് വര്‍മ്മയുടേത് പോലെയുള്ള സംഭവങ്ങള്‍ ഉണ്ടാകുമായിരുന്നില്ല’ എന്ന ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിന്റെ പ്രസ്താവന ഒരിക്കല്‍ ഉപേക്ഷിച്ച നിയമനിര്‍മാണവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുമോ എന്ന സംശയം ചിലരിലെങ്കിലും ഉളവാക്കിയിരിക്കുന്നു.
കൊളീജിയം സംവിധാനത്തിനെതിരായ പ്രധാന വിമര്‍ശനം അതിന്റെ രഹസ്യ സ്വഭാവത്തെ ചൊല്ലിയാണ്. ന്യായാധിപരെ തിരഞ്ഞെടുക്കാന്‍ ഉപയോഗിക്കുന്ന മാനദണ്ഡങ്ങള്‍ പരസ്യമല്ലാത്തതും, പേരുകള്‍ നിരസിക്കുന്നതിന് പിന്നിലെ കാരണങ്ങള്‍ വ്യക്തമാക്കാത്തതും കൊളീജിയം സംവിധാനത്തെ പലപ്പോഴും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു. കൊളീജിയം തീരുമാനങ്ങള്‍ ഏകപക്ഷീയമോ പക്ഷപാതപരമോ ആണെന്നും പൊതുജനവിശ്വാസത്തെ ദുര്‍ബലപ്പെടുത്തുന്നതായും തോന്നിയാലും അവയെ പുനഃപരിശോധിക്കുന്നതിനായി ഒരു ഔപചാരിക സംവിധാനം നിലവിലില്ല എന്നതും ഒരു വസ്തുതയാണ്.
കൊളീജിയവും അനുബന്ധ വിവാദങ്ങളും
കേന്ദ്ര എക്സിക്യൂട്ടീവിന്റെ അനാവശ്യ ഇടപെടലുകളില്‍ നിന്ന് നീതിന്യായ വ്യവസ്ഥയെ സംരക്ഷിക്കാനും, അതിന്റെ പരമാധികാരം ഉറപ്പുവരുത്തുന്നതിനുമായിട്ടെന്ന പേരിലാണ് കൊളീജിയം സംവിധാനം നിലവില്‍ വന്നത്. ഭരണഘടനയില്‍ എവിടെയും കൊളീജിയത്തെപ്പറ്റി പരാമര്‍ശിക്കുന്നില്ല എന്നതാണ് ശ്രദ്ധേയമായ വസ്തുത. സുപ്രീം കോടതിയുടെ വിവിധ വിധിന്യായങ്ങളിലൂടെയാണ് ഈ സംവിധാനം നിലവില്‍ വന്നത്.
1998 ലെ മൂന്നാം ജഡ്ജസ് കേസിലെ സുപ്രീംകോടതി വിധിയാണ് കൊളീജിയത്തിന്റെ ഘടന നിര്‍ണയിച്ചത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസും നാല് മുതിര്‍ന്ന ജഡ്ജിമാരും അടങ്ങുന്ന സമിതി ആയിരിക്കും ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുക എന്ന് സുപ്രീംകോടതി ഈ വിധിയിലൂടെ പ്രഖ്യാപിച്ചു. സുതാര്യതയില്ലായ്മയുടെ പേരില്‍ തുടക്കം മുതല്ക്കേ കൊളീജിയം സംവിധാനം ചോദ്യം ചെയ്യപ്പെട്ടിരുന്നു. സുപ്രീം കോടതിയിലെ മുന്‍ ജഡ്ജിയായിരുന്ന റുമാ പല് കൊളീജിയത്തെ വിശേഷിപ്പിച്ചത് ‘രാജ്യത്തെ ഏറ്റവും നന്നായി സൂക്ഷിക്കപ്പെടുന്ന രഹസ്യം’ എന്നാണ്. അതേപോലെ മുന്‍ ജസ്റ്റിസ് ജെ. ചെലമേശ്വര്‍ ‘ഉഭയ സമ്മതത്തോടു കൂടി പ്രവര്‍ത്തിക്കുന്ന ഒരു രഹസ്യ ക്ലബ്ബാണ് കൊളീജിയം’ എന്നും അഭിപ്രായപ്പെട്ടിരുന്നു. ഏത് മാനദണ്ഡപ്രകാരമാണ് ജഡ്ജിമാരെ നിയമിക്കുന്നതും സ്ഥലംമാറ്റം ചെയ്യുന്നതും എന്നതിനെപ്പറ്റിയുള്ള യാതൊരു വിവരവും പൊതുജനത്തിന് പ്രാപ്യമല്ല എന്നതാണ് ഈ സംവിധാനത്തിന്റെ പ്രധാന ന്യൂനത.
കൊളീജിയം സംവിധാനത്തിന് കീഴില്‍ ന്യായാധിപര്‍ തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരുടെ പേരുകള്‍ ശുപാര്‍ശ ചെയ്യുന്നത് നിത്യസംഭവമായി മാറി. ഉദാഹരണത്തിന്, 2018 ഫെബ്രുവരിയില്‍ അലഹബാദ് ഹൈക്കോടതി കൊളീജിയം സ്ഥാനക്കയറ്റത്തിനായി ശുപാര്‍ശ ചെയ്ത 33 അഭിഭാഷകരില്‍ കുറഞ്ഞത് 11 പേരെങ്കിലും സുപ്രീം കോടതിയിലെയോ ഹൈക്കോടതികളിലെയോ സിറ്റിങ്് അല്ലെങ്കില്‍ വിരമിച്ച ജഡ്ജിമാരുമായി അടുത്ത ബന്ധമുള്ളവരാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. 2010 ല്‍, ഭൂമി കൈയേറ്റം, അഴിമതി എന്നീ ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ജസ്റ്റിസ് പി.ഡി. ദിനകരനെ സുപ്രീം കോടതിയിലേക്ക് ഉയര്‍ത്തുന്നത്തില്‍ നിന്ന് കൊളീജിയം പിന്നോട്ടു പോയത് മാധ്യമ വാര്‍ത്തകള്‍ മൂലവും പാര്‍ലമെന്ററി സമ്മര്ദ്ദത്തിനാലുമാണ്. ചുരുക്കത്തില്‍, ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനായി കൊണ്ടുവന്ന സംവിധാനം അഴിമതിയുടെയും സ്വജന പക്ഷപാതത്തിന്റെയും പേരില്‍ കുപ്രസിദ്ധിയാര്‍ജിച്ചു. മറ്റ് ജനാധിപത്യ സ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ജുഡീഷ്യറി പുറത്തുനിന്നുള്ള പരിശോധനയില്‍ നിന്ന് വലിയതോതില്‍ മുക്തമായി തുടരുന്നു.
കൊളീജിയം സംവിധാനം ജുഡീഷ്യറിയുടെ വിശ്വാസ്യതയെ മാത്രമല്ല അതിന്റെ സുഗമമായ പ്രവര്‍ത്തനത്തെയും കാര്യമായി ബാധിക്കുന്നു. ന്യായാധിപരുടെ വിലപ്പെട്ട സമയം അവരുടെ നിയമനത്തെ കുറിച്ച് തീരുമാനിക്കുന്നതിനായി മാറ്റിവയ്ക്കുന്നത് നിര്‍ണായകമായ കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം കൊണ്ടുവരുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 81,313 കേസുകളാണ് സുപ്രീം കോടതിയില്‍ വിധി കാത്തു കെട്ടിക്കിടക്കുന്നത്. രാജ്യത്തെ ജയിലുകളിലെ വിചാരണ തടവുകാരുടെ എണ്ണം മറ്റു ജനാധിപധ്യ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്.
രാജ്യത്തിന്റെ ബഹുസ്വരതയും ന്യായാധിപരുടെ നിയമനത്തില്‍ പ്രതിഫലിക്കുന്നില്ല എന്നതും വസ്തുതയാണ്. പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളില്‍ നിന്നുള്ള ജഡ്ജിമാരുടെ എണ്ണം നന്നേ കുറവാണ്. രാജ്യത്തെ ഹൈകോടതികളിലെ ജഡ്ജിമാര്‍ക്കിടയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം കേവലം 13 ശതമാനത്തില്‍ ഒതുങ്ങി നില്ക്കുന്നു. സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ വനിതാ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനായി 2027 വരെ കാത്തിരിക്കണം.
ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന് എന്ന ബദല്‍
ജഡ്ജിമാരുടെ നിയമനത്തില്‍ സുതാര്യത ഉറപ്പ് വരുത്തുന്നതിനായിട്ടാണ് 2015 ല്‍ 99-ാം ഭരണഘടനാഭേദഗതിയിലൂടെ എന്‍ഡിഎ സര്‍ക്കാര്‍ ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷനെ അവതരിപ്പിച്ചത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, രണ്ട് മുതിര്‍ന്ന ജഡ്ജിമാര്‍, കേന്ദ്ര നീതിന്യായ വകുപ്പ് മന്ത്രി, രണ്ട് അറിയപ്പെടുന്ന നിയമജ്ഞര്‍ (നിയമജ്ഞരെ തിരഞ്ഞെടുക്കുന്നത് പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ലോക്്സഭയിലെ പ്രതിപക്ഷ നേതാവ് അടങ്ങുന്ന കമ്മിറ്റിയായിരിക്കും) അടങ്ങുന്നതായിരുന്നു ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്. ഇതിലെ രണ്ട് അംഗങ്ങള്‍ക്ക് വീറ്റോ അധികാരവും നല്‍കിയിരുന്നു. വീറ്റോ അധികാരം ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും മേലെയുള്ള കടന്നുകയറ്റം ആണെന്ന് ആരോപിച്ച് പാര്‍ലമെന്റിലെ ഇരുസഭകളും, പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്നതുള്പ്പെടുന്ന 16 സംസ്ഥാനങ്ങളിലെ നിയമസഭകളും താണ്ടി വന്ന 99-ാം ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് പരമോന്നത നീതിപീഠം വിധി കല്പ്പിച്ചു.
ജുഡീഷ്യറിയുടെ നവീകരണത്തിനുള്ള വലിയൊരവസരമാണ് ഈ തീരുമാനത്തിലൂടെ സുപ്രീം കോടതി മുളയിലേ നുള്ളിയത്. ജുഡീഷ്യറിയുടെ പരമാധികാരത്തെ ഹനി
ക്കുന്നതാണ് ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന് എന്നത് വാദത്തിനായി അംഗീകരിച്ചാല്‍ പോലും ഏത് മാനദണ്ഡ പ്രകാരമാണ് ജഡ്ജിമാര്‍ നിയമിക്കപ്പെടുന്നത് എന്ന് പൊതുജനത്തെ അറിയിക്കുവാന്‍ ആ സംവിധാനത്തിനാകുമായിരുന്നു. വീറ്റോ അധികാരം പൂര്‍ണ്ണമായും തടയുന്നതിന് പകരം നവീകരിക്കാന്‍ അവസരം നല്കിയിരുന്നെങ്കില് ഒരുപക്ഷെ തുടക്കത്തില്‍ സൂചിപ്പിച്ച ഉപരാഷ്ട്രപതിയുടെ അഭിപ്രായം സാധൂകരിക്കപ്പെടില്ലായിരുന്നു. അന്നത്തെ ഭൂരിപക്ഷ വിധി പുറപ്പെടുവിച്ച ന്യായാധിപരില്‍ ഒരാളായിരുന്ന ജസ്റ്റിസ് കുര്യന് ജോസഫ് പില്ക്കാലത്ത് ആ തീരുമാനം തെറ്റായി എന്ന് അഭിപ്രായപ്പെട്ടതും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടിയിരിക്കുന്നു.
2024 വരെയുള്ള ഔദ്യാഗിക കണക്കുകള്‍ പ്രകാരം രാജ്യത്തുടനീളം കേവലം 98 ജഡ്ജിമാരെ തങ്ങളുടെ ആസ്തി വെളിപ്പെടുത്തിയിട്ടുള്ളു. നീതിന്യായ വ്യവസ്ഥയില്‍ അഴിമതിയും സ്വജനപക്ഷപാതവും തഴച്ച് വളരുന്നത് രാജ്യ പുരോഗതിക്ക് അഭിലഷണീയമല്ല. രാജ്യത്തെ കോടതി മുറികളിലെ നടപടികളില്‍ ഇന്നും ബ്രിട്ടീഷ് കൊളോണിയല്‍ സംവിധാനത്തിന്റെ നിഴലാട്ടം പ്രകടമാണ്. കോടതി നടപടികളുടെ തത്സമയ സംപ്രേക്ഷണം ആരംഭിച്ചതിനുശേഷം പല സന്ദര്‍ഭങ്ങളിലായി ന്യായാധിപരുടെ പെരുമാറ്റം വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്.
കൊളീജിയം സംവിധാനം മാത്രമാണ് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഉറപ്പാക്കാനുള്ള ഏക പോംവഴി എന്ന നിലപാടില്‍ നിന്നും ന്യായാധിപന്മാര് പിന്തിരിയണം. അങ്ങനെയായിരുന്നെങ്കില്‍ അഭിഭാഷകരുടെ മേച്ചില്പുറം എന്ന് പേരുകേട്ട ഭരണഘടനാ നിര്‍മ്മാണ സമിതിക്ക് അത്തരത്തിലൊരു സംവിധാനം നേരത്തെ സൃഷ്ടിക്കാമായിരുന്നു. നിയമ നിര്‍മ്മാണം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാകരുതെന്നനിരീക്ഷണം വന്ന കേശവാനന്ദ ഭാരതി കേസില്‍ ഉള്‍പ്പടെ വിധിന്യായം പുറപ്പെടുവിച്ചത് കൊളീജിയം നിലവില്‍ വരുന്നതിനു മുമ്പ് നിയമിക്കപ്പെട്ട ന്യായാധിപ•ാരാണെന്ന കാര്യം വിസ്മരിച്ചുകൂടാ.
രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ കാതലായ മാറ്റങ്ങള്‍ അനിവാര്യമായിരിക്കുന്നു. ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനത്തിന്റെ അവലോകനം പോലെ ജഡ്ജിമാരുടെ പ്രവര്‍ത്തനങ്ങളും കൃത്യമായ അവലോകനത്തിന് വിധേയമാക്കേണ്ടിയിരിക്കുന്നു. കൊളീജിയം പേരുകള്‍ തിരഞ്ഞെടുക്കുന്നതിന്റെയും തിരസ്കരിക്കുന്നതിന്റെയും മാനദണ്ഡങ്ങള്‍ പൊതു മധ്യത്തില്‍ ലഭ്യമാക്കണം. ഇനിയും ഇത്തരത്തിലുള്ള കാലോചിത മാറ്റങ്ങളോട് ന്യായാധിപര്‍ മുഖം തിരിക്കുകയാണെങ്കില്‍ അത് വ്യവസ്ഥിതിയിലുള്ള ജനതയുടെ വിശ്വാസം നഷ്ടപ്പെടുത്തുവാന്‍ ഇടവരുത്തും. എന്തെന്നാല്‍, മൗലികാവകാശങ്ങളുടെ കാവല്ഭൂതരായും, ഭരണഘടനയുടെ അന്തിമ വ്യാഖ്യാതാവായും നിലകൊള്ളാന്‍ നീതിപീഠങ്ങള്‍ക്ക് കരുത്ത് നല്‍കുന്നത് കല്ലോ മണ്ണോ അല്ല, മറിച്ച് അതിന്റെ സുതാര്യതയും വിശ്വാസ്യതയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: